കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പുരിനെതിരായ നിര്‍ണായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മൂന്ന് മലയാളികള്‍. കഴിഞ്ഞ ആഴ്ച ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിംങ്കാന്‍ തിരിച്ചെത്തി. അനസ് എടത്തൊടികയും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 
 
അനസിന് പുറമെ സഹല്‍ അബ്ദുള്‍ സമദ്, എം.പി. സക്കീര്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍. സി.കെ. വിനീതും പ്രശാന്തും ഇന്നും ബെഞ്ചിലാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇങ്ങനെ: ധീരജ് സിങ് (ഗോള്‍ കീപ്പര്‍), ലാകിച്ച് പെസിച്ച്, അനസ് എടത്തൊടിക, സന്ദേശ് ജിംങ്കാന്‍, സിറിള്‍ കാളി, സഹല്‍ അബ്ദുള്‍ സമദ്, സീമിന്‍ലെന്‍ ദംങ്കല്‍, കെസിറോണ്‍ കിസിറ്റോ, എം.പി. സക്കീര്‍, സ്ലാവിസ സ്റ്റൊജാനോവിച്ച്, ഹാളിചരണ്‍ നര്‍സാരി.

പരാജയങ്ങളും സമനിലകളും നിറഞ്ഞതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം. പ്ലേ ഓഫ് സ്വപ്നങ്ങള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനിന്നു ജയിച്ചെ തീരു. എട്ട് മത്സരങ്ങളില്‍ ജയമില്ലാതെ വലയുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മൂന്ന് പോയിന്റ് അത്യാവശ്യമാണ്.