പൂനെ: ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ വാരിക്കുഴിയില്‍ വീഴ്‌ത്തിയ പിച്ചാണ് പൂനെയിലേത്. എന്നിട്ടും ഇന്ത്യ പാഠം പഠിച്ചില്ല. ടെസ്റ്റിന്റെ ഒന്നാം ദിനം തന്നെ കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കി എതിരാളികളെ വാരിക്കുഴിയില്‍ വീഴ്‌ത്താനുള്ള ഇന്ത്യന്‍ തന്ത്രങ്ങള്‍ക്കാണ് ഇന്ന് പൂനെയിലെ ബാറ്റിംഗ് തകര്‍ച്ചയിലൂടെ തിരിച്ചടിയേറ്റത്. സ്വയം കുഴിച്ച കുഴിയില്‍ ഇന്ത്യ വീണു.
ഇന്ത്യയിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുന്നതാണെന്ന് ഇവിടെ സന്ദര്‍ശനത്തിനെത്തുന്ന ഏതൊരു ടീമിനും അറിയാം. എങ്കിലും ആദ്യ രണ്ടും ദിവസവമെങ്കിലും ബാറ്റിംഗിനെ തുണയ്ക്കുകയും മൂന്നാം ദിവസം മുതലോ നാലാം ദിവസം മുതലോ സ്പിന്നിനെയ തുണയ്ക്കുകയും ചെയ്യുന്ന പിച്ചുകളാണ് പൊതുവെ കാണാറുള്ളത്. അത്തരം പിച്ചുകളില്‍പോലും വിജയം പിടിച്ചെടുക്കാന്‍ അശ്വിനും ജഡേജയും പലവട്ടം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ പൂനെയിലെ പിച്ച് ആദ്യദിവസം ആദ്യ പന്ത് മുതലെ സ്പിന്നിനെ അമിതമായി പുണരുന്ന കാഴ്ചയായിരുന്നു കണ്ടത്. വെറുതെയായിരുന്നില്ല കൊഹ്‌ലി അശ്വിനെക്കൊണ്ട് ബൗളിംഗ് ഓപ്പണ്‍ ചെയ്യിച്ചത്. വാലറ്റത്ത് സ്റ്റാര്‍ക്കിന്റെ ചെറുത്തുനില്‍പ്പ് ഈ ടെസ്റ്റിന്റെ ഗതി തന്നെ നിര്‍ണയിക്കുമെന്ന് ഇന്നലെ കമന്റേറ്റര്‍മാര്‍ പറഞ്ഞത് വെറുതെയായിരുന്നില്ല.
തുടക്കത്തിലെ ആടിയുലഞ്ഞ ഇന്ത്യയയെ രാഹുലും രഹാനെയും ചേര്‍ന്ന് കരയ്ക്കടുപ്പിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് രാഹുലിന്റെ അമിതാവേശം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. അതുവരെ ഒട്ടും അപകടകാരിയല്ലാതിരുന്ന സ്റ്റീവന്‍ ഒക്കേഫെ എന്ന ഇടംകൈയന്‍ സ്പിന്നര്‍ക്ക് അതോടെ പല്ലും നഖവുമുണ്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഒക്കേഫെ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ തീ കോരിയിട്ടു. കേവലം എട്ടോവറില്‍ 11 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യ ഏഴ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്. ഇതില്‍ ആറു വിക്കറ്റും ഒക്കേഫേ പോക്കറ്റിലാക്കി.
155 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിക്കഴിഞ്ഞ ഓസീസിനെ ചുരുങ്ങിയ സ്കോറില്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്താക്കിയാല്‍പ്പോലും ഈ ടെസ്റ്റില്‍ ഇനി വിജയം സ്വപ്നം കാണാന്‍ ഇന്ത്യക്കാവുമോ എന്ന് സംശയമാണ്. ടോസ് തോറ്റപ്പോഴെ പാതി കൈവിട്ട ഇന്ത്യക്ക് ഇനി ഈ ടെസ്റ്റില്‍ ജയം സാധ്യമാകണമെങ്കില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ നിന്ന് അത്ഭുത ഇന്നിംഗ്സുകളുണ്ടാതകണം. ഇല്ലെങ്കില്‍ പരാജയമറിയാതെയുള്ള കൊഹ്‌ലി പടയോട്ടത്തിന് ഓസീസ് പൂനെയില്‍ ഫുള്‍സ്റ്റോപ്പിടും.
