ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. ആരാധകര്‍ക്കൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷനും ആവേശത്തിലാണ്. മൂന്ന് കോടിയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. ആരാധകര്‍ക്കൊപ്പം കേരള ക്രിക്കറ്റ് അസോസിയേഷനും ആവേശത്തിലാണ്. മൂന്ന് കോടിയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. ആദ്യ പന്തെറിയും മുന്‍പ് എല്ലാ ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് കെസിഎയുടെ പ്രതീക്ഷ. 45,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയം നിറഞ്ഞ് കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ ഇരു ടീമുകളും നേരെ ഹോട്ടലിലേക്ക് പോയി. പ്രിയതാരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്. നാളെ ഗ്രീന്‍ഫീല്‍ഡില്‍ ഇരു ടീമുകളും പരിശീലനം നടത്തും. മറ്റന്നാളത്തെ കളിക്ക് മഴ രസംകൊല്ലിയാകില്ലെന്ന് കാലാവസ്ഥാ പ്രവചനം. മുംബൈയിലെ കൂറ്റന്‍ ജയത്തിന്റെ തിളക്കവുമായാണ് കോലിയും സംഘവും അനന്തപുരിയില്‍ വിമാനം ഇറങ്ങിയത്.

ഉച്ചയ്ക്ക് 01.30നാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇരു ടീമുകളും ഒരുമിച്ചെത്തിയത്. കോവളം ലീലാ റാവിസ് ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മഴയെ നേരിടാനുള്ള റിഹേഴ്‌സലും കാര്യവട്ടത്ത് നിരന്തരം നടക്കുന്നുണ്ട്. പിച്ചിനെക്കുറിച്ച് ബിസിസിഐ ക്യുറേറ്റര്‍ ശ്രീറാം മികച്ച അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു.