മുംബൈയ്‌ക്കെതിരെ 118 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെയ്ന്‍ വില്യംസന്റെ ഹൈദരാബാദ്.

മൊഹാലിയിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹോംഗ്രൗണ്ടില്‍ 15 റണ്‍സിനായിരുന്നു കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ജയം. ക്രിസ് ഗെയ്‌ലിന്റെ സെഞ്ച്വറിയുടെ കരുത്തില്‍. മുംബൈയ്‌ക്കെതിരെ 118 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കെയ്ന്‍ വില്യംസന്റെ ഹൈദരാബാദ്. ഭുവനേശ്വര്‍ കുമാര്‍ ഇല്ലാതെ ആയിരുന്നു മുംബൈയെ 87 ല്‍ ഒതുക്കിയത്. 

രണ്ട് വിക്കറ്റോടെ തുടങ്ങിയ മലയാളി താരം ബേസില്‍ തമ്പി ടീമില്‍ തുടര്‍ന്നേക്കും. ബാറ്റിംഗ് ആശങ്കയായി തുടരുന്നു. ആറ് കളിയില്‍ അഞ്ചിലും ജയിച്ച പഞ്ചാബ് ഒത്തിണക്കമുള്ള ടീമായിക്കഴിഞ്ഞു. ഗെയ്ല്‍ പരുക്ക് മാറി തിരിച്ചെത്തുമെന്നാണ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്റെ പ്രതീക്ഷ. യുവരാജ് സിംഗ് ഒഴികെ എല്ലാവരും ഫോമില്‍. കെ.എല്‍. രാഹുല്‍ എതിരാളികളുടെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞു. ഇരുടീമും ഇതിന് മുമ്പ് ഏറ്റുമുട്ടിയത് പതിനൊന്ന് കളിയില്‍. എട്ടില്‍ ഹൈദരാബാദും മൂന്നില്‍ പഞ്ചാബും ജയിച്ചു.