മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറെ ആദ്യമായി ടെലിവിഷനില്‍ അഭിമുഖം ചെയ്തത് ഒരു ചലച്ചിത്രതാരം. മാധ്യമപ്രവര്‍ത്തകനും അഭിനേതാവുമായി തിളങ്ങിയ ടോം ആള്‍ട്ടറാണ് സച്ചിനെ ആദ്യ ടെലിവിഷന്‍ അഭിമുഖം ചെയ്‌തത്. ഇന്ത്യന്‍ ടീമിലെത്തും മുമ്പ് 15-ാം വയസ്സില്‍ 1989 ജനുവരി 19 ന് മുംബൈയിലായിരുന്നു സച്ചിന്‍റെ അഭിമുഖം. ക്രിക്കറ്റ് സ്വപ്‌ങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‍കൗമാരക്കാരനെന്ന ഭയമില്ലാതെ സച്ചിന്‍ മറുപടി നല്‍കി. വളരെ ചെറുപ്പമാണെന്ന് ആളുകള്‍ പറയുന്നത് വിശ്വസിക്കുന്നില്ലെന്നാണ് സച്ചിന്‍ ആള്‍ട്ടറോട് പറഞ്ഞത്.

വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിന് ക്ഷണം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ആബ്രാസ് ഉള്‍പ്പെടെ പേസ് ബോളര്‍മാരെ ഭയപ്പെടുന്നില്ലെന്നും സച്ചിന്‍ ആഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതോടൊപ്പം പേസ് ബോളര്‍മാരെ കളിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും സച്ചിന്‍ വെളിപ്പെടുത്തി. സച്ചിനെ ആദ്യമായി അഭിമുഖം ചെയ്ത പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ വെള്ളിയാഴ്ച രാത്രി അന്തരിച്ചു. 300ലധികം സിനിമകളില്‍ അഭിനയിച്ച ആള്‍ട്ടറിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.