ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെൽസിയുടെ ജൈത്രയാത്രക്ക് വിരാമം. തുടര്‍ച്ചയായ പതിനാലാം ജയം ലക്ഷ്യമിട്ടെത്തിയ ചെൽസിയെ ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. മത്സരത്തിന്റെ ഇരുപകുതികളിൽ നിന്നായി ഇംഗ്ലീഷ് താരം ഡാലി അലി നേടിയ രണ്ട് ഹെഡ്ഡര്‍ ഗോളുകളാണ് ടോട്ടനത്തിന് ജയം സമ്മാനിച്ചത്.

ആഴ്സണൽ 2003-2004 സീസണിൽ നേടിയ 14 തുടര്‍ ജയങ്ങളെന്ന റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള അവസരമാണ് ചെൽസിക്ക് തോൽവിയോടെ നഷ്ടമായത്. തോറ്റങ്കിലും 49 പോയന്റുമായി ചെൽസി തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയെ നാലാം സ്ഥഛാനത്തേക്ക് പിന്തള്ളി ടോട്ടനം മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ടോട്ടനത്തിനും സിറ്റിക്കും 42 പോയന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയിലാണ് ടോട്ടനം മൂന്നാമത്തെത്തിയത്. 44 പോയന്റുമായി ലിവര്‍പൂളാണ് രണ്ടാം സ്ഥാനത്ത്. 41 പോയന്റുള്ള ആഴ്സണല്‍ അഞ്ചാമതും 39 പോയന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആറാമതുമാണ്.