ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളില്‍ വിരട്ടലിനും കളിയാക്കലിനും ഉപദേശത്തിനുമൊക്കെ ഇരയാകുന്ന സെലിബ്രിറ്റികള്‍ ഇപ്പോള്‍ ഒരു പഞ്ഞവുമില്ല. ക്രിക്കറ്റ് താരം മുഹമ്മദ് കൈഫാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ഇര. മകനൊപ്പം ചെസ്​ കളിക്കുന്ന ഫോട്ടോ പോസ്​റ്റ്​ ചെയ്​തതാണ്​ കൈഫിന്​ പുലിവാലായത്​. ചെസ്​ ഇസ്​ലാമിക വിരുദ്ധം (ഹറാം) എന്നൊക്കെയുള്ള മതവിധികള്‍ പലതും സ്വന്തം നിലയ്ക്ക് കമന്റുകളായി പുറപ്പെടുവിച്ചു കഴിഞ്ഞു. കമൻ്റ്​ ബോക്​സിൽ ഇൗ രൂപത്തിലുള്ള പ്രതികരണങ്ങൾ പെരുകുകയാണ്​ . തീവ്രയാഥാസ്​ഥിതികരുടെ​ പ്രതികരണങ്ങള്‍ക്ക് തിരുത്തുമായി ചിലരും രംഗത്തെത്തിയതോടെ കമന്റ് ബോക്സില്‍ ചൂടേറിയ സംവാദവും നടക്കുന്നുണ്ട്.

ചെസ്കളി ഹറാം ആണെന്നാണ്​ ചിലരുടെ അഭിപ്രായം​. ചിലർ കൈഫിനെ അഭിനന്ദിക്കാനും പ്രതിരോധം തീർക്കാനും രംഗത്തുവന്നിട്ടുമുണ്ട്​. Shatranj Ke Khilaadi #fatherson #kabirtales instaplay എന്ന അടിക്കുറിപ്പോടെയാണ്​ ഫോട്ടോ വ്യാഴാഴ്​ച രാത്രി ഒമ്പത്​ മണിയോടെ പോസ്​റ്റ്​ ചെയ്​തത്​. കുറഞ്ഞ സമയം കൊണ്ട്​ 17000 ലൈക്കും 300 കമൻറും 200 ഷെയറും ഫോട്ടോക്ക്​ ലഭിച്ചു.

സഹോദരാ ഇൗ ഗെയിം ഹറാം ആണെന്നാണ്​ അൻവർ ഷെയ്​ഖ്​ എന്നയാളുടെ കമൻ്റ്​. ചെസ്​ ഇസ്​ലാമിൽ വിലക്കപ്പെട്ടതാണെന്നാണ്​ പത്താൻ ആസിഫ്​ ഖാൻ എന്നയാളുടെ പ്രതികരണം​. ഹദീസ്​ വായിച്ചപ്പോൾ ചെസ്​ കളിക്കാൻ പാടില്ലെന്ന്​ മനസിലായെന്നും അന്ന്​ മുതൽ കളിക്കാറില്ലെന്നും ഇയാൾ പറയുന്നു. എന്നാൽ അച്​ഛനും മകനും തമ്മിലുള്ള ബന്ധത്തെ പുകഴ്​ത്തിയുള്ള കമൻറുകളും ഏറെയാണ്​.