പോര്‍ച്ചുഗല്‍ ടുണീഷ്യ പോരാട്ടം പറങ്കികള്‍ക്ക് സമനില

ബ്രാഗ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാത്ത പറങ്കികള്‍ ഒന്നുമല്ലെന്നു തെളിയിച്ച് പോര്‍ച്ചുഗലിനു സമനിലകുരുക്ക്. യൂറോപ്യന്‍ ചാമ്പ്യന്മാരുടെ വമ്പുമായി സ്വന്തം സ്റ്റേഡിയത്തില്‍ സൗഹൃദ മത്സരത്തിനിറങ്ങിയ പോര്‍ച്ചുഗലിനെ ആഫ്രിക്കന്‍ കരുത്തുമായെത്തിയ ടുണീഷ്യയാണ് സമനിലയില്‍ തളച്ചത്.

രണ്ടു ഗോളുകള്‍ക്കു മുന്നിലെത്തിയതിന്‍റെ ആനുകൂല്യം പിന്നീട് കളത്തില്‍ തുടരാനാകാതെ പോയ പോര്‍ച്ചുഗലിനെ ആനിസ് ബദ്രി(39), ഫക്രുദ്ദീന്‍ ബെന്‍ യൂസഫ് (64) എന്നിവരുടെ ഗോളുകള്‍ വിജയത്തില്‍ നിന്ന് അകറ്റി. ഫെര്‍ണാണ്ടോ സാന്‍റോസിന്‍റെ പോര്‍ച്ചുഗലിനായി 22-ാം മിനിറ്റില്‍ ആന്ദ്രേ സില്‍വയും 34-ാം മിനിറ്റില്‍ ജോ മാരിയോയും വലചലിപ്പിച്ചു.

ടുണിഷ്യയുമായി സമനില വഴങ്ങിയതിനേക്കാള്‍ ക്രിസ്റ്റ്യാനോയുടെ അഭാവം ടീമിന്‍റെ പ്രകടനത്തെ ബാധിക്കുന്നതാണ് പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്‍റോസിനെ വലയ്ക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീടത്തിന്‍റെ നിറവില്‍ നില്‍ക്കുമ്പോഴും സെമിയിലും കലാശ പോരാട്ടത്തിലും ഗോള്‍ നേടാനാകാതെ പോയ ക്രിസ്റ്റ്യാനോയുടെ ഫോമും പോര്‍ച്ചുഗലിന്‍റെ ലോകകപ്പ് മോഹങ്ങള്‍ക്ക് ആഘാതം ഏല്‍പ്പിക്കുന്നു.

കൂടാതെ, രണ്ടു ഗോളുകളുടെ ലീഡ് നേടിയ ശേഷവും സമനില വഴങ്ങിയത് ടീമിന്‍റെ പ്രതിരോധ പിഴവുകളും തുറന്നു കാട്ടി. സൗഹൃദ മത്സരം എന്നതിലുപരി ലോകകപ്പിനുള്ള സന്നാഹ മത്സരമെന്ന നിലയില്‍ കണ്ട മത്സരത്തിലെ സമനില പോര്‍ച്ചുഗലിനു തിരിച്ചടിയാണ്.
മറ്റു മത്സരങ്ങളില്‍ യുവ തുര്‍ക്കികളുടെ ശക്തിയോടെ ലോകകപ്പിനിറങ്ങുന്ന ഫ്രാന്‍സ് അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തു. ആദ്യ പകുതിയില്‍ ഒളിവര്‍ ജിരൂദ് (40), നബില്‍ ഫെക്കീര്‍(43) എന്നിവരാണ് നീലപ്പടയ്ക്കായി ഗോള്‍ നേടിയത്.

ലോകകപ്പ് യോഗ്യത നേടാനാകാതെ പോയ ഇറ്റലി സൗദി അറേബ്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. ബൊളീവയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു അമേരിക്ക മുക്കിയത്.