ചെന്നൈ: തന്റെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി അതിനെ ട്രിപ്പിള്‍ ആക്കി മാറ്റിയ കരുണ്‍ നായര്‍ക്ക് അഭിനന്ദന പ്രവാഹം. ക്രിസ് ഗെയ്ല്‍ മുതല്‍ ഇന്ത്യയുടെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിക്ക് ഉടമയായ വീരേന്ദര്‍ സെവാഗും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം കരുണിനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. കരുണ്‍ ട്രിപ്പിള്‍ തികച്ച ഉടനെ ആദ്യ അഭിനന്ദനം എത്തിയത് തന്നെ വീരുവില്‍ നിന്നുതന്നെയായിരുന്നു. അതും തന്റേതായശൈലിയില്‍. 300 റണ്‍സ് ക്ലബ്ബിലേക്ക് സ്വാഗതം കരുണ്‍, കഴിഞ്ഞ 12 വര്‍ഷവും എട്ടുമാസവുമായി ഇവിടെ ഞാന്‍ ഒറ്റയ്ക്കായിരുന്നു. എല്ലാ വിധ ആശംസകളും എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിക്കാന്‍ ഇതിലും നല്ല വഴിയില്ലെന്നായിരുന്നു പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററായ ഹര്‍ഷ ബോഗ്‌ലെയുടെ പ്രതികരണം.

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ അഭിനന്ദനവും കൂട്ടത്തില്‍ വേറിട്ടുനിന്നു. പേരില്‍ തന്നെ 'റണ്‍' ഒളിപ്പിച്ചുവെച്ചിട്ടുള്ള കളിക്കാരന്‍ എന്നായിരുന്നു ആകാശ് ചോപ്ര കരുണിനെ വിശേഷിപ്പിച്ചത്.

 

പാതി മലയാളിയായ റോബിന്‍ ഉത്തപ്പയുടെ അഭിനന്ദനവും രസകരമായിരുന്നു. കലക്കി കുള്ളാ, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു ഉത്തപ്പയുടെ പ്രതികരണം.