കൊച്ചി; അണ്ടര്‍ 17 ലോകകപ്പിന്‍റെ കൊച്ചിയിലെ മത്സരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തല്‍. ഫിഫ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്. കേരളത്തില്‍ നിന്നും തന്നെയുളള ഒരു വിഭാഗം ആളുകള്‍ കളികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും, കൊച്ചിയില്‍ നടക്കുന്ന ലോകകപ്പ് ഒരുക്കങ്ങളിലെ ഗുരുതര അലംഭാവമാണ് സെപ്പിയെ കൊണ്ട് ഇക്കാര്യം തുറന്ന് പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും സെപ്പി പറയുന്നു.
ലോകകപ്പിനുളള പരിശീലന വേദികളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പശുക്കള്‍ മേയുന്നു എന്ന ഫോട്ടോ സഹിതമുളള ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയും സെപ്പി ഇതിന്‍റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് മൈതാനത്ത് പശുക്കളും ആടുകളും കയറി പുല്ല് തിന്നുന്നത് വാര്‍ത്തയാകുന്നത്. ഇതാണ് ടൂര്‍ണമെന്‍റ് ഡയറക്ടറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
അതെസമയം ആരാണ് കേരളത്തിലെ ലോകകപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ചിലര്‍ കമന്‍റായി തന്നെ സെപ്പിയോട് ചോദിക്കുന്നുണ്ട്. തെളിവുകള്‍ ലഭിക്കുമ്പോള്‍ എല്ലാവരേും അറിയിക്കാം എന്നാണ് സെപ്പി ഇതിന് മറുപടി നല്‍കുന്നത്. ഒക്ടോബര്‍ ആറ് മുതലാണ് ഇന്ത്യയില്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കുക. കൊച്ചിയടക്കം ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരം. കൊല്‍ക്കത്തയിലാണ് കലാശപ്പോര് നടക്കുന്നത്.
മൊത്തം 52 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഏറ്റവുമധികം മത്സരങ്ങള്‍ നടക്കുക കൊല്‍ക്കത്തയിലും. ഫൈനലും ലൂസേഴ്സ് ഫൈനലും ഉള്‍പ്പെടെ 10 മത്സരങ്ങള്‍. ഗുവാഹത്തിയ്ക്കും ഗോവയ്ക്കും ഒമ്പ്ത മത്സരങ്ങള്‍ വീതം. കൊച്ചിയ്ക്കൊപ്പം മുംബൈ, ന്യൂഡല്‍ഹി എന്നീ വേദികളിലും എട്ട് വീതം മത്സരങ്ങള്‍ നടക്കും.
