ഓവല്‍: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ വിജയലക്ഷ്യമായ 217 റണ്‍സ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം. 11 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 70 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നായകന്‍ പൃഥ്വി ഷായും(29) മന്‍ജ്യോത് കല്‍റയുമാണ്(34) ക്രീസില്‍. ഇടയ്ക്ക് പെയ്ത മഴ ഇന്ത്യയ്ക്ക് ചെറിയ ആശങ്ക സമ്മാനിച്ചെങ്കിലും മത്സരം പെട്ടെന്ന് പുനരാരംഭിക്കാനായി. 

നേരത്തെ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്‌ട്രേലിയയെ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് 47.2 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 102 പന്തില്‍ 76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.

പരം ഉപ്പല്‍(34), ജാക്ക് എഡ്‌വേര്‍ഡ്സ്(28), നഥാന്‍ മക്സ്‌വീനി(23) എന്നിങ്ങനെയാണ് മറ്റുയര്‍ന്ന സ്കോറുകള്‍. ഇന്ത്യയ്ക്കായി ഇഷാന്‍ പോരല്‍, ശിവ സിംഗ്, കമലേഷ് നാഗര്‍കോട്ടി, അനുകുല്‍ റോയി എന്നിവര്‍ രണ്ടും ശിവം മണി ഒരു വിക്കറ്റും വീഴ്ത്തി. ഓപ്പണര്‍മാരെ മടക്കി ഇഷാന്‍ പോരെല്‍ തുടക്കത്തില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടിക്കൊടുത്തു. 

ടീം സ്കോര്‍ 32 ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത ഓപ്പണര്‍ മാക്സും 52ല്‍ നില്‍ക്കേ സഹഓപ്പണര്‍ ജാക്ക് എഡ്‌വേര്‍ഡും(28) പോരെലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നാലെ 13 റണ്‍സെടുത്ത നായകന്‍ ജാസണ്‍ സംഗയെ പേസര്‍ നാഗര്‍കോട്ടി മടക്കുമ്പോള്‍ മൂന്നിന് 59 എന്ന നിലയില്‍ ഓസീസ് തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ജൊനാഥന്‍ മെര്‍ലോയും ഉപ്പലും ചേര്‍ന്ന് തകര്‍ച്ചയില്‍ നിന്ന് ഓസീസിനെ കരകയറ്റി. 

ടീം സ്കോര്‍ 134ല്‍ നില്‍ക്കേ കൂട്ടുകെട്ട് പൊളിച്ച് ഉപ്പലിനെ(34) റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി അനുകുല്‍ റോയി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 23 റണ്‍സെടുത്ത നഥാനെ റിട്ടേണ്‍ ക്യാച്ചിലൂടെ ശിവ സിംഗ് മടക്കിയതോടെ അഞ്ച് വിക്കറ്റിന് 185 എന്ന നിലയിലായി ഓസ്‌ട്രേലിയ. എന്നാല്‍ ആറാം വിക്കറ്റില്‍ ജൊനാഥനൊപ്പം ചേര്‍ന്ന വില്‍ സതര്‍ലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല.

സതര്‍ലന്‍ഡ് അഞ്ച് റണ്‍സ് മാത്രമടുത്ത് ശിവ സിംഗിന് മുന്നില്‍ കീഴടങ്ങി. പിന്നാലെ 76 റണ്‍സുമായി മികച്ച ഇന്നിംഗ്സ് കളിച്ച ജൊനാഥന്‍ മെര്‍ലോയോ അന്‍കുല്‍ റോയി മടക്കിയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. അതോടെ ഏഴ് വിക്കറ്റിന് 212 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഓസീസിന്‍റെ ഇന്നിംഗ്സ് 2016ല്‍ അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ ബാക്സറ്റര്‍ സാക്(13) എവന്‍സ്, റയാന്‍ ഹാര്‍ഡ്‌ലി എന്നിവര്‍ ഓരോ റണ്‍സെടുത്തും പുറത്തായി.