ഓവല്‍: അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി ഷാ വെടിക്കെട്ടില്‍ കോലിയുടെ റെക്കോര്‍ഡ് തകരാതിരുന്നത് തലനാരിഴയ്ക്ക്. ശക്തരായ ഓസ്ട്രേലിയയ്ക്കെതിരെ 100 പന്തില്‍ 94 റണ്‍സെടുത്ത ഷായാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍റെ ഉയര്‍ന്ന നാലാമത്തെ സ്കോറാണ് പൃഥ്വി ഷാ ഓസീസിനെതിരെ നേടിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മറികടക്കാന്‍ ഷായ്ക്കായില്ല.
2012ല്‍ ഓസീസിനെതിരെ 111 റണ്‍സ് നേടിയ ഉന്‍മുക്ത് ചന്ദിന്‍റെ പേരിലാണ് ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍റെ ഉയര്‍ന്ന സ്കോര്‍. 2008 ലോകകപ്പില്‍ വിന്‍ഡീസിനെതിരെ 100 റണ്‍സ് നേടിയ കോലിയാണ് ഇക്കാര്യത്തില്‍ രണ്ടാമത്. ഏഴ് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് ഷായ്ക്ക് മറികടക്കാമായിരുന്നു. 1998ല്‍ ഓസീസിനെതിരെ 99 റണ്‍സ് നേടിയ അമിത് പഗ്ണിസും പൃഥ്വി ഷായ്ക്ക് മുന്നിലുണ്ട്.
30-ാം ഓവറില്‍ വില്‍ സതര്‍ലന്‍റിന്‍റെ പന്തില്‍ ഹോള്‍ട്ട് പിടിച്ചാണ് ഷാ പുറത്തായത്. പൃഥ്വി ഷായും 86 റണ്‍സെടുത്ത മനോജ് കല്‍റയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
