യുവേഫ നാഷൻസ് ലീഗിൽ പോളണ്ടിനെതിരെ പെനാല്‍റ്റിയിലൂടെ സമനില പിടിച്ച് മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി. അത്ഭുത പ്രകടനം തുടരുന്ന റഷ്യയ്ക്ക് ജയം. 

യുവേഫ നാഷൻസ് ലീഗിൽ ഇറ്റലിക്ക് സമനിലയോടെ തുടക്കം. പോളണ്ടാണ് ഇറ്റലിയെ സമനിലയിൽ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. പോളണ്ട് 44-ാം മിനുട്ടിൽ സീലിൻസ്കിയുടെ ഗോളിൽ മുന്നിലെത്തി. എഴുപത്തിയെട്ടാം മിനുട്ടിൽ കിട്ടിയ പെനാൽറ്റി വലയിലാക്കി ചെൽസി താരം ജോർജിഞ്ഞോ ഇറ്റലിക്ക് സമനില സമ്മാനിച്ചു. 

അറുപത്തിയൊന്ന് ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടാണ് ഇറ്റലിക്ക് വിജയിക്കാനാകാതെ പോയത്. റോബർട്ടോ മാഞ്ചിനി ഇറ്റലിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ആദ്യ മത്സരമായിരുന്നു ഇത്. മറ്റൊരു മത്സരത്തില്‍ റഷ്യ 2-1ന് തുര്‍ക്കിയെ പരാജയപ്പെടുത്തി. റഷ്യക്കായി ചെറിഷേവ്, ഡൈസുവ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ അസീസിലൂടെയായിരുന്നു തുര്‍ക്കിയുടെ മറുപടി ഗോള്‍. ഇന്ന് രാത്രി 12.15ന് ഇംഗ്ലണ്ടും സ്പെയിനും ഏറ്റുമുട്ടും.