റയലിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തിരുന്നു റോണാള്‍ഡോ

മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ക്കുള്ള പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നല്‍കാത്തതിനെതിരെ താരത്തിന്‍റെ ഏജന്‍റ്. 'റോണോ റയലിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തു. 15 ഗോളുമായി ടോപ് സ്‌കോററായി. റൊണാള്‍ഡോയാണ് മികച്ച താരമെന്നതില്‍ സംശയമില്ല. പുരസ്‌കാരം നല്‍കാത്തത് അധിക്ഷേപം' താരത്തിന്‍റെ ഏജന്‍റ് ജോര്‍ജ് മെന്‍ഡസ് പറഞ്ഞു. 

റയലില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരവും ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച നായകനുമായ ലൂക്കാ മോഡ്രിച്ചിനായിരുന്നു യൂവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം. റോണയെക്കാള്‍ 90 പോയിന്‍റുകള്‍ അധികം നേടി 313 എന്ന വമ്പന്‍ ടോട്ടലുമായാണ് മോഡ്രിച്ച് യൂറോപ്പിലെ മികച്ച താരമായത്. ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായെയും മോഡ്രിച്ച് പിന്നിലാക്കി.

റോണോയ്ക്ക് പുരസ്‌കാരം നല്‍കാത്തതില്‍ താരത്തിന്‍റെ ഇപ്പോഴത്തെ ക്ലബ് യുവന്‍റസും അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണിലെ മികച്ച മുന്നേറ്റതാരത്തിനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിലെ പ്രകടനം പരിഗണിച്ച് റൊണാള്‍ഡോയ്ക്ക് നല്‍കിയിട്ടുണ്ട്.