ഇതിഹാസ ഫുട്ബോളര്‍ ഡേവിഡ് ബെക്കാമിന് യൂവേഫയുടെ ആദരം. ഈ വര്‍ഷത്തെ പ്രസിഡന്‍റ്സ് അവാര്‍ഡ് മുന്‍ ഇംഗ്ലീഷ് നായകന്. ബെക്കാം ഫുട്ബോളിന്‍റെ ആഗോള അംബാസിഡറെന്ന് യൂവേഫ തലവന്‍. ഈ വര്‍ഷാവസാനം മൊണോക്കയില്‍ നടക്കുന്ന ചടങ്ങില്‍ അവര്‍ഡ് സമ്മാനിക്കും. 

ലണ്ടന്‍: യൂവേഫയുടെ പ്രസിഡന്‍റ്സ് അവാര്‍ഡ് മുന്‍ ഇംഗ്ലീഷ് നായകന്‍ ഡേവിഡ് ബെക്കാമിന്. വിരമിക്കലിന് ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- റയല്‍ മാഡ്രിഡ് ഇതിഹാസത്തിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഈ വര്‍ഷാവസാനം മൊണോക്കയില്‍ നടക്കുന്ന ചടങ്ങില്‍ 43കാരനായ താരത്തിന് അവാര്‍ഡ് സമ്മാനിക്കും.

ബെക്കാം ഫുട്ബോളിന്‍റെ ആഗോള അംബാസിഡറാണ്. ഫുട്ബോളിന്‍റെ മഹത്വം ലോകത്തിന്‍റെ എല്ലാ കോണിലും ബെക്കാമെത്തിക്കുന്നു. ബെക്കാമിന്‍റെ മനുഷ്യത്വപരമായ സംഭവനകള്‍ ലോകത്തെ അനേകം കുട്ടികള്‍ക്ക് രക്ഷയാകുന്നു. അത് ആഘോഷിക്കപ്പെടുന്നു. അതിനാല്‍ ബെക്കാം അദേഹത്തിന്‍റെ തലമുറയിലെ 'ഫുട്ബോള്‍ ഐക്കണ്‍' ആണ്- പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് യൂവേഫ പ്രസിഡന്‍റ് അലക്സാണ്ടര്‍ സെഫറിന്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ ഇതിഹാസം ഫ്രാന്‍സിസ്‌കോ ടോട്ടിക്കായിരുന്നു പുരസ്കാരം. യൂനിസെഫിന്‍റെ അംബാസിഡറും മിയാമിയിലെ മേജര്‍ സോക്കര്‍ ലീഗ് ടീം ഉടമയുമാണ് ബെക്കാമിപ്പോള്‍. ഇംഗ്ലണ്ടിനായി 115 മത്സരങ്ങള്‍ കളിക്കുകയും വിവിധ ക്ലബുകള്‍ക്കായി 19 ട്രോഫികള്‍ നേടുകയും ചെയ്തു. 20 വര്‍ഷം നീണ്ട കരിയറില്‍ ലാ ഗാലക്‌സി, എസി മിലാന്‍, പാരിസ് സെയ്‌ന്റ് ടീമുകള്‍ക്കായും ജഴ്‌സി‌യണിഞ്ഞു.