ലാഹോര്‍: താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മല്‍. കഴിഞ്ഞ ദിവസങ്ങളില്‍ താരം മരിച്ചുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉമര്‍ രംഗത്തെത്തിയിരിക്കുന്നത്. ദൈവത്തിന് സ്തുതി, ഞാന്‍ സുരക്ഷിതനാണ്. ലാഹോറില്‍ സുഖമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണ്. 

നാഷണല്‍ ട്വന്‍റി20 കപ്പിന്‍റെ സെമിഫൈനലില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താനിപ്പോള്‍ എന്നും ഉമര്‍ ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററില്‍ ഒരു വീഡിയോയും ഉമര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ലാമാബാദില്‍ നടക്കുന്ന ആക്രമണത്തില്‍ ഉമര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. 

കൊല്ലപ്പെട്ട ആറു പേരില്‍ ഒരാള്‍ക്ക് ഉമറിന്‍റെ മുഖഛായ ഉണ്ടായതാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഉമര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.