രാജ്കോട്ട്: ഇന്ത്യാ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസ് ബൗളര്‍ ഉമേഷ് യാദവ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോ റൂട്ടിനെ പിടിച്ച് പുറത്താക്കിയ ക്യാച്ചിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. 124 റണ്‍സെടുത്ത് ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ നട്ടെല്ലായ റൂട്ടിനെ ഒന്നാം ദിനം കളി തീരാന്‍ ഓവറുകള്‍ ബാക്കിയിരിക്കെയാണ് ഉമേഷ് സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുത്ത് പുറത്താക്കിയത്.

എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കിയശേഷം ഉമേഷ് പന്ത് ഉടന്‍ മുകളിലോട്ട് എറിഞ്ഞെങ്കിലും നിയന്ത്രിക്കാനായില്ല. ഇതാണ് ഉമേഷ് എടുത്തത് ക്യാച്ച് ആണോ എന്ന സംശയത്തിന് ഇടനല്‍കിയത്. അമ്പയര്‍ ഔട്ട് വിളിക്കാതെ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടുകയും ചെയ്തു. റീപ്ലേകളില്‍ ഉമേഷ് യാദവ് പന്ത് കൈപ്പിടിയിലൊതുക്കുന്നത് വ്യക്തമായശേഷമാണ് അമ്പയര്‍ ഔട്ട് വിധിച്ചത്.

ഉമേഷിന്റെ അമിതാവേശം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകാതെ പോയത് ആശ്വാസമായി. നേരത്തെ ഇംഗ്ലീഷ് ഇന്നിംഗ്സിലെ മൂന്ന് ക്യാച്ചുകള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടിരുന്നു.