മുംബൈ: കളിക്കിടയില്‍ അമ്പയര്‍ താരങ്ങളോട് കുശലം പറയുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും ക്രിക്കറ്റില്‍ പതിവാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിലെടുത്ത വിവരമാണ് താരത്തിന്‍റെ ചെവിയില്‍ പറയുന്നതെങ്കില്‍ ഏത് താരവും ഒരു നിമിഷം ഞെട്ടും. രഞ്ജി ട്രോഫിയില്‍ സര്‍വ്വീസസിനെതിരായ കളിക്കിടെയാണ് ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്ത വിവരം സിദ്ധാര്‍ത്ഥ് കൗളിനെ അമ്പയര്‍ അറിയിച്ചത്.

2007ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ കൗള്‍ പത്ത് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യന്‍ ജഴ്സിയണിയുന്നത്. 2008ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ടീമിലംഗമായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ 15.40 ശരാശരിയില്‍ 10 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. എന്നാല്‍ വിരാട് കോലി ടീമിലെത്തി പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോളാണ് സിദ്ധാര്‍ത്ഥ് കൗളിന് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചത്.

ഇന്ത്യന്‍ ടീമിലേക്കുള്ള ക്ഷണം വൈകിയതായും എന്നാല്‍ സ്വപ്നം യാതാര്‍ത്ഥ്യമായതില്‍ നന്ദി പറ‍യുന്നതായും സിദ്ധാര്‍ത്ഥ് കൗള്‍ മത്സര ശേഷം പ്രതികരിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ലെന്നും താരം പറഞ്ഞു. 51 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 180 വിക്കറ്റുകള്‍ നേടിയ കൗള്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.