ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ സ്വപ്‌നത്തെ പിന്തുണച്ച് പോര്‍ച്ചുഗല്‍. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കണമെന്നും ബ്രസീലിനും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും സഭയില്‍ പ്രാധിനിധ്യം നല്‍കണമെന്നും പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്‍റോണിയോ ലൂയി ഡകോസ്‌റ്റ ആവശ്യപ്പെട്ടു. ലോകസമാധാനം സ്ഥാപിക്കാനായി കാലികമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം വിലയിരുത്തി. 

അതേസമയം യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസിന്‍റെ പരിഷ്‌കരണ നയങ്ങളോട് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല സമീപനമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍റേഴ്‍സ് അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാന- സുരക്ഷാ- വികസന അജണ്ടകളില്‍ സമ്പൂര്‍ണ്ണ മാറ്റത്തിന് ശ്രമിക്കുന്ന തീരുമാനത്തെ 130ഓളം രാജ്യങ്ങള്‍ പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഎന്‍ സമാധാന ശ്രമങ്ങള്‍ പൂര്‍ണ്ണ വിജയമല്ലെന്ന് അറിയിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ യുഎന്‍ രക്ഷാസമിതിയില്‍ സമഗ്രമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു. രക്ഷാസമിതി അഴിച്ചു പണിയണമെന്ന് ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ എന്നിവരും പൊതുസഭയില്‍ ആവശ്യമുന്നയിച്ചു. നിലവില്‍ 193 അംഗ രാജ്യങ്ങളുള്ള ഐക്യരാഷ്ട്രസഭയില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.