ആന്റിഗ്വ: വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ പെണ്‍കുഞ്ഞിന്റെ അച്ഛനായി. കുഞ്ഞിന് വ്യത്യസ്തമായ പേര് നല്‍കിയ ഗെയ്ല്‍ പേരിനെച്ചൊല്ലിയും വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബ്ലഷ് എന്നാണ് ഗെയ്ല്‍ കുഞ്ഞിന് പേരിട്ടത്. ജനുവരിയില്‍ ബിഗ് ബാഷ് ലീഗിനിടെ വനിതാ ടിവി കമന്റേറ്ററോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഗെയ്ല്‍ പറഞ്ഞ വാചകമായിരുന്നു  'don't blush baby' എന്ന്. ആ വിവാദത്തെ ഓര്‍മപ്പെടുത്തുന്ന പേരാണ് കുഞ്ഞിന് ഇട്ടിരിക്കുന്നത് എന്നത് പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കാളിയായ നടാഷ ബെറിഡ്ജിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് ഗെയ്ല്‍ കുഞ്ഞ് പിറന്ന കാര്യവും പങ്കുവെച്ചത്. ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് താരമായ ഗെയ്ല്‍ കഴിഞ്ഞ ദിവസാണ് നാട്ടിലേക്ക് മടങ്ങിയത്. ജനുവരിയില്‍ ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിനിടെ നെറ്റ്‌വര്‍ക്ക് 10 ടിവി കമന്റേറ്ററായിരുന്ന മെല്‍ മക്‌ലോഗ്‌ലിനോടാണ് ഗെയ്ല്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയര്‍ന്നത്.

മെല്‍ബണ്‍ റെനഗെഡ്സ് താരമായ ഗെല്‍ ഔട്ടായശേഷം അഭിമുഖത്തിനെത്തിയ മെല്‍ മക്‌ലോഗ്‌ലിനോട് മത്സരശേഷം ഒരുമിച്ച് മദ്യപിക്കാന്‍ പോരുന്നോ എന്ന് പരസ്യമായി ചോദിച്ചു. ഇത് നിരസിച്ച മെല്‍ മക്‌ലോഗ്‌ലിനോട് ഗെയ്ല്‍ പറഞ്ഞ വാചകം 'don't blush baby' എന്നായിരുന്നു. സംഭവം വിവാദമായതോടെ തൊട്ടടുത്ത ദിവസം ഗെയ്ല്‍ മാപ്പു പറഞ്ഞു. ക്രിക്കറ്റ് ഓസ്ട്രേലിയ ഗെയ്‌ലിന് 10000 ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു.