സിഡ്നി: പ്രൊഫഷണൽ ഫുട്ബോളില്‍ അരങ്ങേറ്റം ഗംഭീരമാക്കി സ്പ്രിന്‍റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഓസ്ട്രേലിയൻ ലീഗിൽ മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരായ സൗഹൃദ മത്സരത്തില്‍ സെൻട്രൽ കോസ്റ്റ് മറീനേഴ്സിന് വേണ്ടി ഡബിള്‍ അടിച്ച് ബോള്‍ട്ട് വരവറിയിച്ചു. ആദ്യ ഇലവനില്‍ ആദ്യമായി ഇറങ്ങിയ മത്സരത്തിലായിരുന്നു സ്പ്രിന്‍റ് ഇതിഹാസത്തിന്‍റെ ഇരട്ട പ്രഹരം.

ബോള്‍ട്ട് തിളങ്ങിയ മത്സരത്തില്‍ സെൻട്രൽ കോസ്റ്റ് മറീനേഴ്സ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ചു. നേരത്തേ, യൂറോപ്പിലെ പല ക്ലബുകളിലും ട്രയൽസിന് ഇറങ്ങിയെങ്കിലും ബോൾട്ടിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രൊഫഷണൽ ഫുട്ബോളിൽ എത്തി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുക എന്നതാണ് എട്ട് ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ബോൾട്ടിന്‍റെ ഏറ്റവും വലിയ സ്വപ്നം.