ലണ്ടന്‍: ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിടപറയുന്നതോടെ അത്‍ലറ്റിക്സ് ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനുകൂടിയാണ് തിരശീല വീഴുന്നത്. ട്രാക്കിനപ്പുറം കായികലോകത്ത് നിറഞ്ഞു നിന്ന ബോൾട്ട് വിരമിച്ചതിന് ശേഷം എന്തായിരിക്കും ചെയ്യുക എന്നാണിപ്പോൾ എല്ലാവരും ആലോചിക്കുന്നത്.
അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ ചരിത്രം രണ്ടായി പിളരുകയാണ്. ബോൾട്ടിന് മുൻപും ബോൾട്ടിന് ശേഷവും. ട്രാക്കിൽ മനുഷ്യസാധ്യമായ വേഗമെല്ലാം സ്വന്തം പേരിനൊപ്പമാക്കിയ ബോൾട്ട് ലോക ചാമ്പ്യൻഷിപ്പിന് ശേഷം എന്തുചെയ്യും. ശേഷിക്കുന്ന കാലവുംസ്പോർട്സുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ബോൾട്ട് വ്യക്തമാക്കിക്കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ കടുത്ത ആരാധകനായ ബോൾട്ട് ഫുട്ബോളിനോടുള്ള ഇഷ്ടം എപ്പോഴും തുറന്നുപറയാറുണ്ട്.
ഈ സീസണിലെ ട്രാൻസ്ഫർ സമയം അവസാനിക്കും മുൻപ് യുണൈറ്റഡ് കോച്ച് ഹൊസെ മോറീഞ്ഞോയുടെ ക്ഷണവും ബോൾട്ട് പ്രതീക്ഷിക്കുന്നു. സ്കൂൾ ക്രിക്കറ്റിൽ സജീവമായിരുന്ന ബോൾട്ട് ട്രാക്കിലേത്ത് തിരിയുന്നത് പന്ത്രണ്ടാം വയസ്സിൽ. സച്ചിൻ ടെൻഡുൽക്കറെയും ക്രിസ് ഗെയ്‍ലിനെയും വഖാർ യൂനിസിനെയും ഇഷ്ടപ്പെടുന്ന ബോൾട്ട് ക്രിക്കറ്റിൽ ഒരുകൈനോക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെ.
വാർത്താ സമ്മേളനങ്ങളിൽ കുറിക്കുകൊള്ളുന്ന മറുപടി നൽകുന്ന ബോൾട്ടിനെ കമന്‍റേറ്ററായി പ്രതീക്ഷിക്കുന്നവരും ഏറെ. ഇതിനിടെ ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രു ഹോൾനെസ് ഇതിഹാസ താരത്തെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയത്തിനുവേണ്ട കൗശലമില്ലാത്തതിനാൽ ആ വഴിക്കില്ലെന്ന് ബോൾട്ടിന്‍റെ മറുപടി.
സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ പ്യൂമയുടെല ബ്രാൻഡ് അംബാസിഡറാണ് ബോൾട്ട്. വിരമിച്ച ശേഷം കരീബിയൻ മേഖലയിൽ ബോൾട്ട് പ്യൂമയുടെ മേധാവിയാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
