സൂററ്റ്: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ വിദര്‍ഭക്ക് ബാറ്റിംഗ് തകര്‍ച്ച. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കിടന്നതിനാല്‍ കളി ഏറെ വൈകിയാണ് തുടങ്ങിയത്. ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിദര്‍ഭ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. കരണ്‍ ശര്‍മ്മ (31), ആദിത്യ സര്‍വേറ്റ് (36), അക്ഷയ് വാഡ്കര്‍ (41 നോട്ട് ഔട്ട് ) എന്നിവരാണ് അല്പമെങ്കിലും പൊരുതിയത്. 20 ഓവറില്‍ 40 റണ്ണിന് നാല് വിക്കറ്റ് വീഴ്ത്തിയ കെ.സി.അക്ഷയുടെ ബോളിങ്ങാണ് വിദര്‍ഭയുടെ തകര്‍ച്ചയ്ക്ക് വഴിതെളിച്ചത്. അക്ഷയ്ക്ക് പിന്തുണയായി ജലജ് സക്‌സേന രണ്ടും നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.

ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ അഞ്ചു ദിവസമാണ് മല്‍സരം. മല്‍സരം സമനിലയിലായാലും മഴ പെയ്ത് മല്‍സരം ചുരുങ്ങിയാലും സെമി ടിക്കറ്റ് നേടുക ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ് നേടിയവരാവും. ഒന്നാം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാന്‍ ആറാം ദിനം റിസര്‍വായുമുണ്ട്. ഒന്നാം ഇന്നിങ്‌സ് ലീഡിനായാണ് ആദ്യ പോരാട്ടം. അതു കൈവിട്ടാല്‍ പിന്നെ മല്‍സരം ജയിക്കുക തന്നെ വേണം. ഈ സാഹചര്യത്തില്‍ ആദ്യ ദിനം തന്നെ വിദര്‍ഭയുടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്താനായത് കേരളത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. കാരണം സീസണില്‍ ആറ് കളികളില്‍ നിന്ന് ഒരു ഇരട്ട സെഞ്ചുറിയടക്കം നാലു സെഞ്ചുറികളും കൂടി 710 റണ്‍സാണ് ഫയാസിന്റെ സമ്പാദ്യം. സഞ്ജയ് രാമസ്വാമിയാകട്ടെ മൂന്നു സെഞ്ചുറിയടക്കം 665 റണ്‍സും സ്വന്തമാക്കിയിരുന്നു. ഈ ഓപ്പണിംഗ് തകര്‍ക്കാനായി എന്നത് കേരളത്തിന് അനുകൂലമാണ്.