തിരുവനന്തപുരം: സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ടെക്നിക്കല്‍ സെക്രട്ടറി ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ വിവാദ വിദേശയാത്രകളുടെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന്. ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള വിദേശയാത്രയെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി അലോഷ്യസിനെതിരെ വകുപ്പിലും പരാതിയുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ബോബി നിഷേധിച്ചു.

ബോബി അലോഷ്യസിന് ഇംഗ്ലണ്ടില്‍ ബിഎസ് സി സ്‌പോര്‍ട്സ് സയിന്‍സ് പഠിക്കാന്‍ സ്‌പോടര്‍ട്സ് കൗണ്‍സില്‍ 15 ലക്ഷം രൂപ ചെലാവാക്കിയെന്നാണ് പ്രധാന ആരോപണം. 2003ലാണ് ബോബി പണത്തിന് അപേക്ഷിച്ചത്. മൂന്ന് തവണയായി 5 ലക്ഷം രൂപ വീതം കൗണ്‍സില്‍ അനുവദിച്ചു.പഠന ശേഷം തിരച്ചെത്തി ബോബി തെരഞ്ഞെടുക്കപ്പെട്ട താരങ്ങളെ ഹൈ ജംപ് പരിശീലിപ്പിക്കണമെന്നും, പഠനത്തിന് ചെലവാക്കിയ തുടകയുടെ കണക്കുകള്‍ ബോധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

കൗണ്‍സില്‍ നിരന്തരം കത്തിടപാടുകള്‍ നടത്തിയെങ്കിലും 2010വരെ പഠനത്തെക്കുറിച്ചോ ചെലവാക്കിയ തുകയെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ബോബി മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് കൗണ്‍സില്‍ നിയമനടപടിയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷവും പലിശയുമടക്കം 24 ലക്ഷം രൂപ തരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ നടപടി വെറും കടലാസില്‍ ഒതുങ്ങി. ഇതേകാലയളവില്‍ നാഷണല്‍ സ്‌പോര്‍ട്സ് ഡെവലപ്മെന്റ് ഫണ്ടില്‍ നിന്ന് പരിശീലനത്തിനായി ബോബി 34 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു.

ബിരുദ സര്‍ട്ടിഫിക്കറ്റോ ചെലവഴിച്ച തുകയുടെ കണക്കുകളോ ഹാജരാക്കാതെ രണ്ട് വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് പഠിച്ചുവെന്നും എട്ട് ലക്ഷംരൂപ ഇതിനായി ചെലവായെന്നുമാണ് ബോബി കൗണ്‍സിലില്‍ മറുപടി നല്‍കിയത്. ഇതൊന്നും അന്വേഷിക്കാനോ, കൗണ്‍സിലിന് നഷ്‌ടമായ പണം കൈപറ്റാനോ ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. പകരം ടെക്നിക്കില്‍ ഓഫീസറായി കൗണ്‍സിലില്‍ തന്നെ നിയമിക്കുകയും ചെയ്തു. ക്രമവിരുദ്ധമായി സര്‍ക്കാരിന് വന്‍ തുക നഷ്‌ടമായെന്ന് മുന്‍ ഭരണസമിതി അംഗങ്ങളും പറയന്നു.