ആ ആഞ്ച് പന്തുകള്‍ നഷ്ടമാക്കിയതിനെക്കുറിച്ച് എനിക്കിപ്പോഴും കടുത്ത നിരാശയുണ്ട്. അവസാന ഓവറില്‍ നിര്‍ണായക ബൗണ്ടറി കണ്ടെത്തിയെങ്കിലും ഒരു സിക്സര്‍ കൂടി ഞാന്‍ നേടിയിരുന്നെങ്കില്‍ കളി മാറിമറിഞ്ഞേനെ

ചെന്നൈ: ഹര്‍ദ്ദീക് പാണ്ഡ്യക്ക് പകരക്കാരനായാണ് വിജയ് ശങ്കര്‍ നിദാഹാസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ആദ്യ നാലു മത്സരങ്ങളിലും ബാറ്റ് ചെയ്യേണ്ടിവന്നില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞ വിജയ് ശങ്കര്‍ പാണ്ഡ്യക്കൊത്ത പകരക്കാരനാണെന്ന് തോന്നിച്ചു. എന്നാല്‍ ഫൈനലില്‍ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ പതിനെട്ടാം ഓവറില്‍ തുടര്‍ച്ചയായ അഞ്ച് പന്തുകളില്‍ റണ്ണെടുക്കാതെ ഇഴഞ്ഞുനീങ്ങിയ ഇന്നിംഗ്സോടെ വിജയ് ശങ്കറുടെ ബാറ്റിംഗ് മികവിനെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച തുടങ്ങി. ശങ്കറിന്റെ മെല്ലെപ്പോക്ക് ഇന്ത്യയെ തോല്‍പ്പിക്കുമെന്ന ഘട്ടത്തില്‍ നാട്ടുകാരനായ ദിനേശ് കാര്‍ത്തിത്തിന്റെ കട്ട ഹീറോയിസമാണ് ഇന്ത്യക്ക് അവിശ്വസനായി ജയം സമ്മാനിച്ചത്. നിരാശാജനകമായ ആ ബാറ്റിംഗിനെക്കുറിച്ച് വിജയ് ശങ്കറിന് പറയാനുള്ളത് ഇതാണ്.

ആ ആഞ്ച് പന്തുകള്‍ നഷ്ടമാക്കിയതിനെക്കുറിച്ച് എനിക്കിപ്പോഴും കടുത്ത നിരാശയുണ്ട്. അവസാന ഓവറില്‍ നിര്‍ണായക ബൗണ്ടറി കണ്ടെത്തിയെങ്കിലും ഒരു സിക്സര്‍ കൂടി ഞാന്‍ നേടിയിരുന്നെങ്കില്‍ കളി മാറിമറിഞ്ഞേനെ. രാജ്യാന്തരതലത്തില്‍ ഇത്തരമൊരു അവസരം അപൂര്‍വമായെ ലഭിക്കു. ഇത്തരത്തിലൊരു സാഹചര്യം നേരിടാനായി ഞാന്‍ നേരത്തെ തയാറെടുത്തിരുന്നു. അതിനായി കഠിനമായി പ്രയത്നിച്ചിരുന്നു. എന്നിട്ടും എനിക്കതിന് കഴിഞ്ഞില്ലെന്നതാണ് കൂടുതല്‍ നിരാശയുണ്ടാക്കുന്നത്.

സണ്‍റൈസേഴ്സ് ടീമില്‍ സഹതാരമായിരുന്നു മുസ്തഫിസുര്‍ റഹ്മാന്‍. എന്നാല്‍ മുസ്തഫിസുറിനെ നെറ്റ്സില്‍ നേരിടുന്നതും യഥാര്‍ത്ഥ മത്സരത്തില്‍ നേരിടുന്നതും വ്യത്യസ്തമാണ്. ഒരുപക്ഷെ മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഞാന്‍ ആ പന്തുകള്‍ നഷ്ടമാക്കില്ലായിരുന്നു. സമ്മര്‍ദ്ദം കാരണമാണ് എനിക്ക് ബാറ്റ് ചെയ്യാന്‍ കഴിയാതിരുന്നത് എന്ന് പറയുന്നില്ല. ഒരുപക്ഷെ അതെന്റെ ദിവസമായിരുന്നില്ലായിരിക്കാം-ശങ്കര്‍ പറഞ്ഞു.