ദില്ലി: ഇന്ത്യയില്‍വെച്ച് ഇടികൂടാമോ എന്ന ബ്രിട്ടീഷ് ബോക്സറും രണ്ടുവട്ടം ലോകചാമ്പ്യനുമായ അമീര്‍ ഖാന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗ്. അമീര്‍ ഖാനുമായുള്ള മത്സരം രാജ്യത്ത് പ്രഫഷണല്‍ ബോക്സിംഗിന് കൂടുതല്‍ പ്രചാരം നേടിക്കൊടുക്കുമെന്ന് വിജേന്ദര്‍ പറഞ്ഞു. ലോക ബോക്സിംഗ് കൗണ്‍സില്‍ ചാമ്പ്യന്‍ഷിപ്പില്‍ മെക്സിക്കോയുടെ കനേലോ ആല്‍വാരെസുമായുള്ള പോരാട്ടത്തിന് തയാറെടുക്കുകയാണ് അമീര്‍ ഖാന്‍ ഇപ്പോള്‍.
നിലവില്‍ ഇരുവരും വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. അമീര്‍ ഖാന്‍ മിഡില്‍വെയ്റ്റ്(72.5 കിലോ)വിഭാഗത്തിലും വിജേന്ദര്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ്(76 കിലോ) വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. ഇരുവരും തമ്മിലുള്ള പോരാട്ടം സാധ്യമാവണമെങ്കില്‍ അമീര്‍ ഭാരം കൂട്ടുകയോ വിജേന്ദര്‍ ഭാരം കുറയ്ക്കുകയോ വേണം. എങ്കിലും അടുത്തവര്‍ഷമോ 2018ലോ ഇരുവരും തമ്മിലുള്ള പോരാട്ടത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രഫഷണല്‍ ബോക്സിംഗില്‍ എത്തിയശേഷം നാലു മത്സരങ്ങളിലാണ് വിജേന്ദര്‍ മത്സരിച്ചത്. നാലിലും ജയിച്ചു. അതേസമയം അമീര്‍ ഖാനാകട്ടെ 34 മത്സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുണ്ട്. ഈ മാസം 30ന് കോപ്പര്‍ ബോക്സ് അരീനയില്‍ മറ്റിയോസെ റോയറുമായാണ് വിജേന്ദറിന്റെ അടുത്ത മത്സരം.
