അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി വരാനിരിക്കുന്ന പരമ്പരകളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനൊരുങ്ങി ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ളവര്‍ക്ക് വിശ്രമം നല്‍കിയതിന് പിന്നാലെയാണ് വരാനിരിക്കുന്ന പരമ്പകളിലും ഈ മാതൃക തുടരാന്‍ ടീം മാനേജ്മെന്റ് തയാറെടുക്കുന്നത്.

മുംബൈ: അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി വരാനിരിക്കുന്ന പരമ്പരകളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനൊരുങ്ങി ഇന്ത്യന്‍ ടീം മാനേജ്മെന്റ്. ഏഷ്യാ കപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ളവര്‍ക്ക് വിശ്രമം നല്‍കിയതിന് പിന്നാലെയാണ് വരാനിരിക്കുന്ന പരമ്പകളിലും ഈ മാതൃക തുടരാന്‍ ടീം മാനേജ്മെന്റ് തയാറെടുക്കുന്നത്.

തുടര്‍ന്നുള്ള പരമ്പരകളിലും കോലിക്ക് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കോലിക്ക് പുറമെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബൂംമ്ര, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ക്കും വരാനിരിക്കുന്ന പരമ്പരകളില്‍ വിശ്രമം അനുവദിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ ഇല്ലാത്തതിനാല്‍ വിശ്രമം അനുവദിക്കേണ്ടവരുടെ പട്ടികയില്‍ ഇല്ല. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യ മൂന്ന് വീതം ട്വന്റി-20യും ഏകദിനവും നാല് ടെസ്റ്റും കളിക്കാനായി ഓസ്ട്രേലിയയിലേക്ക് പോകും. ഇതിനുശേഷം ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യും ഇന്ത്യ കളിക്കും. പിന്നീട് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയില്‍ ഏകദിന പരമ്പരയും സിംബാബ്‌വെക്കെതിരായ പരമ്പരയുമാണ് ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുക. ഇതിനുശേഷം ഐപിഎല്ലുമുണ്ട്. കളിക്കാര്‍ക്ക് വിശ്രമം അനുവദിച്ചാലും ഐപിഎല്ലിലെ തിരിക്കിട്ട മത്സരക്രമം കഴിഞ്ഞ് ലോകകപ്പിന് മുമ്പ് മതിയായ വിശ്രമം ലഭിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്.

അടുത്തവര്‍ഷം മെയ് 30ന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തോടെയാണ് ഇംഗ്ലണ്ടില്‍ ലോകകപ്പിന് തുടക്കമാവുക. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ കളി. ഓസ്ട്രേലിയയാണ് രണ്ടാമത്തെ കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍.