പൂനെ:അവസാനം കളിച്ച ടെസ്റ്റില്‍ ടീം ജയിച്ചാല്‍ അതേടീമിനെ അടുത്ത ടെസ്റ്റിനും നിലനിര്‍ത്തുക എന്നത് ഒരു കീഴ്‌വഴക്കമാണ്. അസാധാരണ സാഹചര്യങ്ങളിലോ, ടീം ജയിച്ചിട്ടും ഏതെങ്കിലും ഒരു കളിക്കാരന്റെ മാത്രം മോശം പ്രകടനം ഉണ്ടായാലോ ഒക്കെയാണ് ജയിച്ച ടീമില്‍ സാധാരണയായി മാറ്റം വരുത്താറുള്ളത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി നായകനായ ടീം ഇന്ത്യ ഇക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തമാണ്.

ബംഗ്ലാദേശിനെതിരെ ജയിച്ച ടെസ്റ്റിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയത്. ഭുവനേശ്വര്‍കുമാറിന് പകരം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ജയന്ത് യാദവിന് കൊഹ്‌ലി അവസരം നല്‍കി. ഇതോടെ ക്യാപ്റ്റനായശേഷം കളിച്ച 24 ടെസ്റ്റിലും ഒരു മാറ്റമെങ്കിലും ഇല്ലാതെ ടീമിനെ ഇറക്കിയിട്ടില്ലെന്ന അപൂര്‍വ റെക്കോര്‍ഡ് കൊഹ്‌ലിക്ക് സ്വന്തമായി.

ചില മത്സരങ്ങളില്‍ താരങ്ങളുടെ പരിക്ക് മൂലമാണ് മാറ്റം വരുത്താന്‍ നിര്‍ബന്ധിതനായതെങ്കില്‍ മറ്റുചില മത്സരങ്ങളില്‍ പിച്ചിന്റെ സ്വഭാവത്തിനനുസരിച്ചാണ് ടീമില്‍ മാറ്റം വരുത്തിയത്. എന്തായാലും പൂനെ ടെസ്റ്റ് ജയിച്ചാല്‍ അടുത്ത ടെസ്റ്റിലെങ്കിലും കൊഹ്‌ലി മാറ്റമില്ലാത്ത ടീമിനെ ഇറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.