നോട്ടിംഗ്‌ഹാം ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കോലിക്ക് വന്‍ കയ്യടിയാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നത്. ക്രിക്കറ്റിലെ കടുത്ത വിമര്‍ശകനായ ഇംഗ്ലീഷ് താരത്തിന്‍റെ പ്രശംസയാണ് ഇതില്‍ ശ്രദ്ദേയം. 

ട്രെന്‍റ് ബ്രിഡ്‌ജ്: കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ നാണക്കേട് ഇക്കുറി കഴുകിക്കളയുകയാണ് വിരാട് കോലി. ടെസ്റ്റ് പരമ്പരയില്‍ രണ്ടാം സെഞ്ചുറി കണ്ടെത്തി കോലി റണ്‍ സമ്പാദ്യം 444ലെത്തിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യന്‍ നായകന്‍റെ ഉയര്‍ന്ന ടോട്ടലാണിത്. നോട്ടിംഗ്‌ഹാം ടെസ്റ്റിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ കോലിക്ക് വന്‍ കയ്യടിയാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നത്. 

കോലിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്‍റെ വാക്കുകളാണ് ഇതില്‍ കൂടുതല്‍ ശ്രദ്ദേയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ കടുത്ത വിമര്‍ശകനായ വോണ്‍ നോട്ടിംഗ്‌ഹാം സെഞ്ചുറിക്ക് ശേഷം കോലിയെ കുറിച്ച് പറയുന്നതിങ്ങനെ. കോലിയാണ് ലോകത്തെ മികച്ച താരമെന്ന് ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള വോണ്‍ വെളിപ്പെടുത്തി. മൂന്ന് ഫോര്‍മാറ്റുകളിലും റണ്‍സ് അടിച്ചുകൂട്ടാനുള്ള മികവാണ് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു. 

നോട്ടിംഗ്‌ഹാമില്‍ ആദ്യ ഇന്നിംഗ്സില്‍ കോലി 97 റണ്‍സ് നേടിയിരുന്നു. നേരത്തെ എഡ്ജ്‌ബാസ്റ്റണ്‍ ടെസ്റ്റിലാണ് കോലി സെഞ്ചുറി(149) അടിച്ചെടുത്തത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആകെ 134 റണ്‍സ് മാത്രമായിരുന്നു കോലി സ്വന്തമാക്കിയിരുന്നത്.