ആന്‍റിഗ: സച്ചിന്‍റെ റെക്കോഡ് മറികടന്ന് വീരാട് കോലി. റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന സച്ചിന്‍റെ റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടന്നത്. ഇന്നലെ അഞ്ചാം ഏകദിനത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 206 റണ്‍സ് പിന്തുടരുന്നതിനിടെയാണ് ചെയ്സ് ചെയ്യുമ്പോഴുള്ള 18മത്തെ സെഞ്ച്വറി കോലി കുറിച്ചത്. 

കോലിയുടെ 109മത്തെ ഇന്നിംഗ്സ് ആയിരുന്നു ഇത്, ഇതില്‍ 102 ലും കോലി ബാറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ചെയ്സ് ചെയ്യുമ്പോഴുള്ള സച്ചിന്‍റെ ഇന്നിംഗ്സുകള്‍ 232 ആണ്. ഇത്രയും ഇന്നിംഗ്സില്‍ നിന്നാണ് സച്ചിന്‍ 17 സെഞ്ച്വറി നേടിയത്. 11 സെഞ്ച്വറി നേടിയിട്ടുള്ള ദില്‍ഷനാണ് മൂന്നാം സ്ഥാനത്ത്. 

ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായ ഒരു താരവും കോലിക്ക് വെല്ലുവിളിയായി ഈ പട്ടികയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. ഇന്നലെ കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ കോലിയുടെ ഇന്ത്യന്‍ ടീം വിന്‍ഡീസിന് എതിരായ പരമ്പര 3-1ന് വിജയിച്ചിരുന്നു. ആദ്യ മത്സരം മഴമൂലം നടന്നിരുന്നില്ല.