ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ പെരുമാറ്റത്തിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഡിആര്‍എസില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഓസീസ് താരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ നിന്നുള്ള സൂചനകള്‍ക്കായി കാത്തുനില്‍ക്കുന്നതിനെതിരെയാണ് മത്സരശേഷം കോലി രൂക്ഷമായി വിമര്‍ശിച്ചത്.

ഓസ്ട്രേലിയന്‍ ബാറ്റിംഗിനിടെ ഡിആര്‍എസില്‍ തീരുമാനമെടുക്കാന്‍ സഹായം തേടി അവരുടെ താരങ്ങള്‍ രണ്ടുതവണ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് ഞാന്‍ അമ്പയര്‍മാരോട് പറഞ്ഞിരുന്നു. ഓസീസ് താരങ്ങളെ ആ വാക്കുപയോഗിച്ച് വിശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. പക്ഷെ അത് ബ്രാക്കറ്റില്‍ ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ക്രിക്കറ്റ് ഫീല്‍ഡില്‍ ഇത്തരം കാര്യങ്ങള്‍ ഞാനാണെങ്കില്‍ ഒരിക്കലും ചെയ്യില്ല-കോലി പറഞ്ഞു.

ALSO READ:പുറത്തായിട്ടും ക്രീസ് വിടാന്‍ മടിച്ച സ്മിത്തിനെ അമ്പയര്‍ പറഞ്ഞുവിട്ടു

ഓസ്ട്രേലിയന്‍ താരങ്ങള്‍ ചതിയന്‍മാരാണെന്നാണോ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ താന്‍ പറയുന്നില്ലെന്ന് കോലി പറഞ്ഞു. തന്റെ നടപടി ബുദ്ധിശൂന്യതയായിരുന്നുവെന്ന് മത്സരശേഷം സ്മിത്തും സമ്മതിച്ചു.ഞാന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായിരുന്നു അത്.

എന്നാല്‍ ഇത് ആദ്യമായല്ല ഓസീസ് താരങ്ങള്‍ ഡിആര്‍എസില്‍ തീരുമാനമെടുക്കാന്‍ ഡ്രസ്സിംഗ് റൂമിന്റെ സഹായെ തേടിയതെന്ന് കോലി തിരിച്ചടിച്ചു. മുമ്പ് രണ്ട് തവണ അവരിത് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ബുദ്ധിശൂന്യതയെന്ന് പറഞ്ഞ് എഴുതിത്തള്ളാനാവില്ലെന്നും കോലി വ്യക്തമാക്കി.