ഈ ജനുവരി 15ന് വിരാട് കോലി സെഞ്ചുറി നേടിയതില്‍ അത്ഭുതപ്പെടാനില്ല. ഈ തിയതി ഭാഗ്യദിനമാണെന്നാണ് വിരാട് കോലിയുടെ കരിയര്‍ പറയുന്നത്. 

അഡ്‌ലെയ്‌ഡ്: ഏകദിനത്തിലെ 39-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുതുവര്‍ഷത്തിന് തുടക്കമിട്ടത്. അഡ്‌ലെയ്‌ഡില്‍ ഇന്നലെ(ജനുവരി 15) ഓസ്‌‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു കോലിയുടെ ശതകം. മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ 112 പന്തില്‍ 104 റണ്‍സെടുത്ത് കോലി കളിയിലെ താരമായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പുതുവര്‍ഷത്തിലെ ആദ്യ സെഞ്ചുറി കോലി ജനുവരി 15ന് നേടുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും(2017, 2018) കോലി ഇതേദിനം സെഞ്ചുറി നേടിയിട്ടുണ്ട് എന്നതാണ് കൗതുകം. ഇംഗ്ലണ്ടിനെതിരെ 2017ല്‍ പുനെയിലാണ് കോലി ജനുവരി 15 വെടിക്കെട്ടിന് തുടക്കമിട്ടത്. അന്ന് ഇംഗ്ലണ്ടിന്‍റെ 350 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കായി കോലി 105 പന്തില്‍ 122 റണ്‍സെടുത്തു. ഇതോടെ വേഗതയില്‍ 27 ഏകദിന സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടത്തിലെത്തി കോലി. 11 പന്ത് ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റിന് ഇന്ത്യ പുനെയില്‍ വിജയിച്ചു. 

തൊട്ടടുത്ത വര്‍ഷം(2018) ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു കോലിയുടെ ആ വര്‍ഷത്തെ ആദ്യ സെഞ്ചുറി. സെഞ്ചൂറിയനില്‍ രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനമായിരുന്നു ഇന്ത്യന്‍ നായകന്‍ സെഞ്ചുറിത്തിലകമായത്. ആദ്യ ഇന്നിംഗ്സില്‍ 217 പന്തില്‍ 153 റണ്‍സ് കോലി നേടി. എന്നാല്‍ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 135 റണ്‍സിന് പ്രോട്ടീസിനോട് പരാജയം സമ്മതിച്ചു. 

Scroll to load tweet…