കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ആരെ പുറത്തിരുത്തുമെന്ന ആശങ്കയിലാണ് ടീം ഇന്ത്യ. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി അടിച്ച ശീഖര്‍ ധവാനും അര്‍ധ സെഞ്ചുറി നേടിയ അഭിനവ് മുകുന്ദും തിളങ്ങിയ സാഹചര്യത്തില്‍ ഇവരിലാരെ പുറത്തിരുത്തുമെന്നാണ് കോലിയ്ക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി. രാഹുല്‍ തിരിച്ചെത്തുമ്പോള്‍ മുകുന്ദ് തന്നെയാകും പുറത്തുപോകുക എന്ന സൂചന കോലി മത്സരത്തലേന്ന് നല്‍കിക്കഴിഞ്ഞു.വൈറല്‍ പനിയെത്തുടര്‍ന്ന് രാഹുലിന് അദ്യ ടെസ്റ്റ് നഷ്ടമായിരുന്നു.

രാഹുലിനെ ഓപ്പണര്‍ സ്ഥാനത്ത് തിരികെ എത്തിക്കേണ്ടതുണ്ടെന്ന് കോലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പരിശീലന മത്സരത്തിലും കഴിഞ്ഞ സീസണുകളിലും രാഹുല്‍ മികച്ച ഫോമിലായിരുന്നു. നിര്‍ഭാഗ്യകരമായാണ് അദ്ദേഹത്തിന് ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ തിരിച്ചെത്തുന്ന രാഹുലിന് മതിയായ അവസരം നല്‍കേണ്ടതുണ്ടെന്നും കോലി വ്യക്തമാക്കി. കളിയില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രഭാവം സൃഷ്ടിക്കാനാകുക എന്നതുകൂടി കണക്കിലെടുത്തശേഷമെ ധവാനെ കളിപ്പിക്കണോ മുകുന്ദിനെ കളിപ്പിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്നും കോലി പറഞ്ഞു.

ഗോളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ചെയ്തത് അഭിനവ് മുകുന്ദും ശിഖര്‍ ധവാനും ആയിരുന്നു. ഇരുവരും ഫോം കണ്ടെത്തുകയും ചെയ്തിരുന്നു. ധവാന്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി (190) നേടിയപ്പോള്‍ മുകുന്ദ് രണ്ടാം ഇന്നിംഗ്‌സില്‍ 81 റണ്‍സ് എടുത്തു. പരിക്കേറ്റ മുരളി വിജയ് പുറത്തായപ്പോഴാണ് ശിഖര്‍ ധവാന് പരമ്പരയിലേക്ക് വിളിവന്നത്. ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമോ എന്നുറപ്പില്ലാതിരുന്ന അഭിനവ് മുകുന്ദിന് തുണയായത് രാഹുലിന്റെ പനിയാണ്.