കിവികള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് അപൂര്‍വ നേട്ടം. 63 ഏകദിനങ്ങളില്‍ കൂടുതല്‍ ജയം നേടിയ നായകരില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും ഹാന്‍സി ക്രോണിയെയും വിരാട് മറികടന്നു. 

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് അപൂര്‍വ നേട്ടം. 63 ഏകദിനങ്ങളില്‍ കൂടുതല്‍ ജയം നേടിയ നായകരില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും ഹാന്‍സി ക്രോണിയെയും വിരാട് മറികടന്നു. ഇരുവരും 46 ജയങ്ങളാണ് സ്വന്തമാക്കിയതെങ്കില്‍ ബേ ഓവല്‍ ജയത്തോടെ കോലിയുടെ അക്കൗണ്ടില്‍ 47 വിജയങ്ങളായി.

അറുപത്തിമൂന്നില്‍ 50 മത്സരങ്ങള്‍ വിജയിച്ച റിക്കി പോണ്ടിംഗും ക്ലൈവ് ലോയ്‌ഡും മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. 41 ജയങ്ങളുമായി മൈക്കല്‍ ക്ലാര്‍ക്കാണ് റിച്ചാര്‍ഡ്‌സിനും ക്രോണിക്കും പിന്നില്‍ പട്ടികയില്‍ നാലാം സ്ഥാനത്ത്. 

ബേ ഓവല്‍ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഇന്നിംഗ്സാണ് ഇന്ത്യക്ക് നിര്‍ണായകമായത്. ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണ് മാന്‍ ഓഫ് ദ് മാച്ച്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.