ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേട്ടത്തിനൊപ്പം വ്യക്തഗത കരിയറില്‍ പൊന്‍തൂവലുകള്‍ ഏറെ കൂട്ടിച്ചേര്‍ത്താണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി മടങ്ങുന്നത്. ഇതിഹാസങ്ങള്‍ക്ക് വിദേശ മണ്ണില്‍ സാധിക്കാത്ത നേട്ടങ്ങളാണ് കോലിപ്പട ദക്ഷിണാഫ്രിക്കയില്‍ സ്വന്തമാക്കിയതെന്നുവരെ വിശേഷണങ്ങളും ഉണ്ട്.

ആറ് മത്സരങ്ങളുള്ള പരമ്പരയില്‍ 5-1നാണ് ഇന്ത്യയുടെ നേട്ടം. ആറില്‍ മൂന്ന് മത്സരങ്ങളില് സെഞ്ചുറിയമായാണ് നായകന്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. സെഞ്ചൂറിയനില്‍ നടന്ന അവസാന മത്സരത്തില്‍ 96 പന്തില്‍ 129 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. 81 പന്തിലായിരുന്നു കോലിയുടെ സെഞ്ചുറിനേട്ടം. 

തന്‍റെ നേട്ടങ്ങള്‍ക്കെല്ലാം പ്രചോദനമാകുന്നത് മറ്റാരുമല്ലെന്നാണ് കോലി ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആരാണെന്ന് ചോദിക്കേണ്ട അത് അവളാണ്. അനുഷ്ക, പരമ്പരയില്‍ എനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്ക ശര്‍മയാണ്... അവള്‍ ഒപ്പം തന്നെ ഉണ്ടായിരുന്നു.. അടുപ്പമുള്ളവരെല്ലാം വിജയത്തില്‍ പങ്കാളികളാണ്.. ഇങ്ങനെയായിരുന്നു കോലിയുടെ വാക്കുകള്‍.

സ്വന്തം ഭാര്യയോടുള്ള സ്നേഹം വിളിച്ചുപറഞ്ഞ കോലി പക്ഷെ മറ്റു വിവാദങ്ങളോട് മുഖം തിരിച്ചു. ഇതിഹാസങ്ങളെയെല്ലാം പിന്തള്ളി ലോകത്തെ മികച്ച ബാറ്റ്സ്മാനാകാന്‍ കഴിയുമോ എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യം. എന്നാല്‍ കോലിയുടെ മറുപടി ഇങ്ങനെയായിരുന്നു. 

ഇപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. മാത്രവുമല്ല ആരോടും മത്സരിക്കാന്‍ ഞാന്‍ തയ്യാറുമല്ല. മത്സരത്തിനു മുമ്പ് തന്‍റെ തയ്യാറെടുപ്പും ആത്മവിശ്വാസവും വളര്‍ത്താനാണ് ശ്രമിക്കുന്നത്. ആരെയെങ്കിലും മറികടക്കണമെന്നോ എന്നോ വ്യക്തിപരമായി നേട്ടമുണ്ടാക്കണമെന്നോ ചിന്തിക്കാന്‍ ഈ കളിയില്‍ സാധിക്കില്ല, ടീമിനായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ ചിന്തിക്കാറുള്ളതെന്നും കോലി പറഞ്ഞു.