ദില്ലി: കുംബ്ലെയെ കോച്ചായി നിയമിച്ച സമയത്തുള്ള ട്വീറ്റ് വീരാട് കോലി ഡിലീറ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം ജൂണ്‍ 23ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് കോലി ഡിലീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഉപയോഗിച്ച് ട്രോളുകള്‍ വരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ഡിലീറ്റ് പരിപാടി എന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് നിന്നും അനില്‍ കുംബ്ലെ ഒഴിഞ്ഞത്.

തുടര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തില്‍ ക്യാപ്റ്റനുമായി ഒത്തുപോകാത്തതിനാലാണ് രാജിയെന്ന് കുംബ്ലെ വ്യക്തമാക്കിയിരുന്നു. കുംബ്ലെ സാറിനെ സ്വാഗതം ചെയ്യുന്നുവെന്നും, താങ്കളുടെ കാലം പ്രതീക്ഷയോടെ കാണുന്നുവെന്നും, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ വലിയ കാര്യമാണിതെന്നും കോലി പറയുന്നു. ഒപ്പം ഒരു സ്മൈലിയും ഉണ്ടായിരുന്നു.

ക്യാപ്റ്റനുമായുള്ള വഴക്കുകാരണം കുംബ്ലെ സ്ഥാനം ഏറ്റെടുത്ത് ഒരു കൊല്ലത്തിനുള്ളില്‍ കോച്ച് സ്ഥാനം ഒഴിയുമ്പോള്‍ ഈ ട്വീറ്റ് ഏറെ ചര്‍ച്ചയായി ഇതിനാലാണ് കോലി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് വേണ്ടി ഒരുങ്ങുകയാണ് കോലിയും ടീമും.