സെഞ്ചൂറിയന്‍: ക്രിക്കറ്റില്‍ സെഞ്ചുറി അടിയ്ക്കുന്നത് കോലിയ്ക്ക് അത്ര പുതുമയൊന്നുമല്ല. കോലി ഡബില്‍ അടിയ്ക്കുന്നത് തമാശയ്ക്ക് വേണ്ടിയാണെന്ന് നേരത്തേ മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് തന്നെ പറഞ്ഞിട്ടുള്ളതാണ്. 

എന്നാല്‍ ഇത്തവണ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോലി നേടിയ സെഞ്ചുറിയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. 150 റണ്‍സ് എടുത്ത കോലി അത് ആഘോഷിച്ചത് തന്‍റെ മാലയില്‍ കോര്‍ത്തിട്ട വിവാഹ മോതിരത്തില്‍ ചുംബിച്ചുകൊണ്ടാണ്. 217 പന്തില്‍ നിന്ന് 15 ബൗണ്ടറികള്‍ സഹിതമാണ് വിരാട് കോലി 21-ാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്.

ഇന്ത്യ ദക്ഷിണാഫ്രിക്ക പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു കോലിയുടെയും അനുഷ്കയുടെയും വിവാഹം. ആദ്യ ടെസ്റ്റ് കാണാന്‍ അനുഷ്കയും ഗാലറിയിലുണ്ടായിരുന്നു. എന്നാല്‍ കളിയിലെ കോലിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം അനുഷ്കയില്‍ ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ടീം അംഗങ്ങളെ തെരഞ്ഞെടുത്തതിലെ അതൃപ്തിയും ആരാധകര്‍ തീര്‍ത്തത് അനുഷ്കയുടെ പേരിലായിരുന്നു. അനുഷ്കയാണോ ടീം നിശ്ചയിക്കുന്നത് എന്നായിരുന്നു ഇവരുടെ ചോദ്യം. എന്നാല്‍ എല്ലാവര്‍ക്കും മറുപടി നല്‍കുന്നതായിരുന്നു കോലിയുടെ 21-ാം സെഞ്ചുറിയും 153 റണ്‍സ് നേടിയതിന് ശേഷമുള്ള ആഘോഷവും. 

കോലിയുടെ കളി മികവില്‍ ഇന്ത്യ ലീഡ് നേടുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും നാല് വിക്കറ്റ് വീഴത്തിയ മോര്‍ക്കല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ എറിഞ്ഞിടുകയായിരുന്നു. സിക്സര്‍ അടിക്കാന്‍ ശ്രമിക്കുന്നതിനിടെ 153 റണ്‍സില്‍ മോര്‍ക്കലിന് കോലി കീഴടങ്ങി.