ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി.

ബെനോനി: അണ്ടര്‍ 19 യൂത്ത് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എക്കെതിരെ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ അണ്ടര്‍ 19 ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 28 പന്തില്‍ 21 റണ്‍സുമായി വേദാന്ത്ര് ത്രിവേദിയും റണ്‍സൊന്നുമെടുക്കാതെ ഹര്‍വൻഷ് പംഗാലിയയും ക്രീസില്‍. ക്യാപ്റ്റന്‍ വൈഭവ് സൂര്യവന്‍ഷിയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്‍റെയും അഭിഗ്യാന്‍ കുണ്ഡുവിന്‍റെയു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിനെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. ഏഴാം ഓവറിലെ ആദ്യ പന്തില്‍ 12 പന്തില്‍ 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ വൈഭവ് സൂര്യവന്‍ഷിയും മടങ്ങിയതോടെ ഇന്ത്യ 34-2 ലേക്ക് വീണു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വേദാന്ത്ര ത്രിവേദിയും അഭിഗ്യാൻ കുണ്ഡുവും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 50 കടത്തി. പതിനാലാം ഓവറില്‍ സ്കോര്‍ 67ല്‍ നില്‍ക്കെ അഭിഗ്യാൻ കുണ്ഡു(21) റണ്ണൗട്ടായി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

ആയുഷ് മാത്രെക്ക് പകരമാണ് പതിനാലുകാരനായ വൈഭവ് സൂര്യവന്‍ഷിയെ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനാക്കിയത്. ആയുഷ് മാത്രെ ഒഴികെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിച്ച ഭൂരിഭാഗം താരങ്ങളും ദക്ഷിണാഫ്രിക്കക്കെതിരായ യൂത്ത് ഏകദിനത്തിലും കളിക്കുന്നുണ്ട്. ആരോണ്‍ ജോര്‍ജിന് പുറമെ മലയാളി താരം മുഹമ്മദ് ഇനാനും ഇന്ന് ടീമിലുണ്ട്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.

ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്,വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ),വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ഡു, ഹർവൻഷ് പംഗലിയ,ആർ എസ് അംബ്രീഷ്,കനിഷ്ക് ചൗഹാൻ, മുഹമ്മദ് ഇനാൻ, ഖിലാൻ പട്ടേൽ,ദീപേഷ് ദേവേന്ദ്രൻ,ഹെനിൽ പട്ടേൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യു