മുംബൈ: വാലറ്റക്കാരില്‍ അത്യാവശ്യം ബാറ്റ് ചെയ്യാനറിയുന്ന കളിക്കാരനാണ് ഭുവനേശ്വര്‍കുമാര്‍. ഇന്ത്യയുടെ ബൗളിംഗ് കുന്തമുനയായിരിക്കുമ്പോഴും ബാറ്റുകൊണ്ടും ഭുവി ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മത്സരത്തില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ ഭുവിയും ധോണിയും ചേര്‍ന്ന് വിജയത്തിലെത്തിച്ചിരുന്നു. അന്ന് ധോണി 49 റണ്‍സെടുത്ത് പുറത്താകാകെ നിന്നപ്പോള്‍ അര്‍ധസെഞ്ചുറിയുമായി ഭുവി ഇന്ത്യയുടെ വിജയശില്‍പിയായി.

കഴിഞ്ഞദിവസം മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും കണ്ടു ഭുവിയുടെ ബാറ്റിംഗ് മികവ്. വമ്പനടിക്കാരായ ധോണിയും ഹര്‍ദ്ദീക് പാണ്ഡ്യയുമെല്ലാം പോയശേഷം നായകന്‍ കോലിയുമെത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഭുവിയാണ് ഇന്ത്യയെ 280 റണ്‍സിലെത്താന്‍ സഹായിച്ചത്.

15 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഭുവി 49-ാം ഓവറില്‍ നേടിയ സിക്സര്‍ മറുവശത്ത് ബാറ്റ് ചെയ്യുകയായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിയെ പോലും അമ്പരപ്പിച്ചു. ആദം മില്‍നെയുടെ പന്തിലായിരുന്നു ലോംഗ് ഓണിന് മുകളിലൂടെ ഭുവിയുടെ തകര്‍പ്പന്‍ സിക്സര്‍. ഭുവിയ്ക്ക് മുന്നിലെത്തി നമിച്ചാണ് കോലി ആ സിക്സറിനെ വരവേറ്റത്. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.