ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെയും ഓപ്പണര്‍ രോഹിത് ശര്‍മയെയും പുകഴ്ത്തി ഇന്ത്യന്‍ വംശജനും മൈക്രോസോഫ്റ്റ് സിഇഒയുമായ സത്യ നാദെല്ല. ടെസ്റ്റ് ക്രിക്കറ്റാണ് തനിക്കേറെ ഇഷ്ടമെന്നും വിരാട് കോലിയാണ് നിലവിലെ ഏറ്റവും മികച്ച താരമെന്നും നാദെല്ല പറഞ്ഞു. ഔദ്യോഗിക തിരക്കുകള്‍ കാരണം നിര്‍ഭാഗ്യവശാല്‍ ക്രിക്കറ്റ് കാണാന്‍ എനിക്ക് അധികം സമയം ലഭിക്കാറില്ല.എന്നാല്‍ ഓണ്‍ലൈനില്‍ ഞാന്‍ കൃത്യമായി കളി ഫോളോ ചെയ്യാറുണ്ട്.

ടെസ്റ്റ് ക്രിക്കറ്റാണ് എനിക്കേറെയിഷ്ടം. വിരാട് കോലിയാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം. അദ്ദേഹം ഒരു സ്പെഷല്‍ കളിക്കാരനാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നാദെല്ല പറഞ്ഞു. ഓപ്പണര്‍ രോഹിത് ശര്‍മയുടെ മികവിനെയും നാദെല്ല പുകഴ്ത്തി. രോഹിത്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് വിവിഎസ് ലക്ഷ്മണെ ആണ് ഓര്‍മവരികയെന്നും നാദെല്ല പറഞ്ഞു.

രോഹിത്തിന്റെ ബാറ്റിംഗ് എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കവര്‍ ഡ്രൈവിനുശേഷമുള്ള ഫോളോ ത്രൂ കാണുമ്പോള്‍ എനിക്ക് ലക്ഷ്മണെ ഓര്‍മവരും. എന്നാല്‍ രോഹിത്തോ കോലിയോ ഒന്നുമല്ല നാദെല്ലയുടെ ഇഷ്ടതാരം. അത് ആര്‍ അശ്വിനാണ്. ഒരോവറില്‍ ആറ് വ്യത്യസ്ത പന്തുകള്‍ എറിയാന്‍ കഴിയുന്ന ബൗളറാണ് അശ്വിനെന്ന് നാദെല്ല പറഞ്ഞു. ഇന്ത്യക്കാര്‍ ഇപ്പോള്‍ പ്രതാപകാലത്തെ ഓസ്ട്രേലിയക്കാരെ പോലെ കളിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും നാദെല്ല പറഞ്ഞു.