ഏകദിന ക്രിക്കറ്റിൽ വിരാട് കോലി മറ്റൊരു നേട്ടത്തിനരികെ. ഈ വർഷം ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ കോലിക്ക് 45 റൺസ് കൂടി മതി. സ്വപ്ന ഫോമിലാണ് വിരാട് കോലി. ഏത് സാഹചര്യത്തിലും ഏത് പിച്ചിലും കോലിയുടെ ബാറ്റിൽനിന്ന് റണ്‍സൊഴുകുന്നു.
കോലി ക്രീസിലെത്തിയാൽ ബൗളർമാർക്ക് നല്ലസമയമല്ല. പന്ത് അതിർത്തിവര തേടി നിരന്തരം പായുന്നു. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ പുറത്താവാതെ 82 റൺസെടുത്തപ്പോൾ കോലി മറ്റൊരു നേട്ടത്തിനരികെ എത്തി. 45 റൺസ് കൂടി നേടിയാൽ ഈ വർഷം ഏറ്റവും കൂടുതൽ റൺസെടുത്ത ഏകദിന താരമെന്ന റെക്കോർഡ് കോലിക്ക് സ്വന്തം. 14 ഇന്നിംഗ്സിൽ 769 റൺസാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.
16 ഇന്നിംഗ്സിൽ 814 റൺസെടുത്ത ഡുപ്ലെസിയാണ് പട്ടികയിലെ ഒന്നാമൻ. 14 ഇന്നിംഗ്സിൽ 785 റൺസുമായി ജോ റൂട്ട് മൂന്നാം സ്ഥാനത്ത്. ബാറ്റിംഗ് ശരാശരിയിൽ കോലി ബഹുദൂരം മുന്നിൽ. 96.1 ആണ് കോലിയുടെ ബാറ്റിംഗ് ശരാശി. റൂട്ട് 71.3 ശരാശരിയിലും ഡുപ്ലെസി 58.1 ശരാശരിയിലും റൺനേടുന്നു. രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മികവ് കൂടുന്നതാണ് കോലിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തൻ ആക്കുന്നത്. ഇക്കൊല്ലം രണ്ടാമത് ബാറ്റ്ചെയ്തപ്പോൾ മൂന്ന് സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയുമാണ് കോലി നേടിയത്.
