ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തിലും ടീം ഇന്ത്യ പരാജയപ്പെട്ടു. 135 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 151 റണ്‍സിന് പുറത്താകുകയായിരുന്നു. മത്സരത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലി മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനുമായി.

ടീം തെരഞ്ഞെടുപ്പിലെ പാളിച്ചകളെ വിമര്‍ശിച്ചതിനാണ് വിരാട് കോലി ക്ഷുഭിതനായത്. ഏറ്റവും മികച്ച 11 കളിക്കാരെ തന്നെയാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ലോകത്തെ ഏറ്റവും മികച്ച ടീം ഇന്ത്യയുടേതാണെന്നും നായകന്‍ അവകാശപ്പെട്ടു. കഴിഞ്ഞ 30 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ 21 എണ്ണം ജയിച്ചുവെന്നും രണ്ടെണ്ണം പരാജയപ്പെട്ടുവെന്നും എത്ര സമനിലയിലായിരുന്നുവന്ന് അറിയാമോ എന്നുമായിരുന്നു, ടീം തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകനോട് കോലി മറുപടി പറഞ്ഞത്. എന്നാല്‍ അതില്‍ എത്ര ജയം ഇന്ത്യയിലാണ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുചോദ്യം. അതില്‍ കാര്യമില്ല. ഞങ്ങള്‍ കഴിയും വിധം ശ്രമിച്ചു. നിങ്ങളോട് വാദിക്കാനല്ല, ഉത്തരം പറയാന്‍ മാത്രമാണ് താന്‍ ശ്രമിക്കുന്നതെന്നുമായിരുന്നു കോലിയുടെ മറുപടി. ഇന്ത്യയില്‍ വന്നപ്പോള്‍ ദക്ഷിണാഫ്രിക്ക എത്ര തവണ വിജയിച്ചുവെന്ന് അറിയാമോയെന്നും മറുപടിയായി കോലി ചോദിച്ചു.
