മികച്ച നായകനാകാന്‍ കോലി ഇനിയും പഠിക്കാനേറെ; വിമര്‍ശനവുമായി ഗവാസ്‌കര്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 2:56 PM IST
virat kohli needs to learn many things as captain says sunil gavaskar
Highlights

നായകനെന്ന നിലയില്‍ കോലി വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കുറച്ച് കാര്യങ്ങളെങ്കിലും മനസിലാക്കുമെന്ന്  പ്രതീക്ഷിക്കുന്നു. വിമര്‍ശനം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് കൈവിട്ടതിന് പിന്നാലെ...

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റമ്പിയതിന് പിന്നാലെ നായകന്‍ വിരാട് കോലിയുടെ നായകത്വത്തെ വിമര്‍ശിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. വിരാട് ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. ഫീല്‍ഡിംഗ്- ബൗളിംഗ് മാറ്റങ്ങളില്‍ തന്ത്രങ്ങള്‍ പാളുന്നു. വിരാട് നായക സ്ഥാനം ഏറ്റടുത്ത അന്നുമുതല്‍ ഈ പരിചയക്കുറവ് പ്രകടനമാവുകയാണെന്നും ഇന്ത്യാ ടുഡേയോട് ഇതിഹാസ താരം പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ടീമാണ് ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത് എന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെ അഭിപ്രായത്തോടും ഗവാസ്‌കര്‍ പ്രതികരിച്ചു. നിലവിലെ ടീമിന്‍റെ അത്മവിശ്വാസം ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം മാത്രമായിരിക്കും ഇത്. മുന്‍കാല ടീമുകളെ വിലകുറച്ച് കാണാനുള്ള ശ്രമമാകില്ല രവി ശാസ്ത്രി കാട്ടിയത് എന്ന് വിശ്വസിക്കുന്നതായും ഗവാസ്‌കര്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പുകളില്‍ ടീമിന് പാളിച്ച സംഭവിച്ചതായും മുന്‍ താരം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും സംഭവിച്ച പാളിച്ചകള്‍ ഓസ്‌ട്രേലിയയില്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷ. സ്‌മിത്തും വാര്‍ണറും ഇല്ലാതിരുന്നിട്ടും ഓസീസ് ശക്തമായ എതിരാളികളാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് ചില കാര്യങ്ങളെങ്കിലും പഠിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു വിജയം മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 

loader