ട്രിനിഡാഡ്: പരിശീലകസ്ഥാനത്തുനിന്നും രാജിവയ്ക്കാനുള്ള അനിൽ കുംബ്ലെയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ഡ്രസിംഗ് റൂമിലെ ചർച്ചകൾ പുറത്തുപറയില്ലെന്നും കോലി പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനു മുമ്പ് ട്രിനിഡാഡിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കോലിയുടെ പ്രതികരണം. കുംബ്ലെയുടെ രാജിക്കു ശേഷം ആദ്യമായാണ് കോലി പ്രതികരിക്കുന്നത്. കളിക്കാർ കുംബ്ലയെ ബഹുമാനിക്കുന്നു. ഡ്രസിംഗ്റൂമിലെ രഹസ്യാത്മകത കാത്തുസൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണെന്നും കോലി പറഞ്ഞു.
കുബ്ലെ രാജിവച്ച സംഭവത്തിൽ നായകൻ വിരാട് കോലി മൗനം വെടിയണമെന്ന് സുനിൽ ഗവാസ്കർ ആവശ്യപ്പെട്ടിരുന്നു. കുംബ്ലെയുടെ രാജിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന ആക്ഷേപങ്ങൾ സംബന്ധിച്ച് വിരാട് പ്രതികരിക്കണം. സംഭവത്തിന്റെ നിജസ്ഥിതിയെന്തെന്നറിയാൻ ക്രിക്കറ്റ് പ്രേമികൾക്ക് താത്പര്യമുണ്ട്. അതിനാൽ വിഷയത്തിൽ പ്രതികരിക്കാൻ കോലി ഇനിയും വൈകരുത്- ഗവാസ്കർ പറഞ്ഞു. ആരോപണങ്ങൾ സംബന്ധിച്ച് കുബ്ലെയും പ്രതികരിക്കണമെന്നും ഗവാസ്കർ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽവ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറായ അനില്‍ കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലക സ്ഥാനം രാജിവച്ചത്. ടീമുമായുള്ള കരാര്‍ അവസാനിച്ച് ദിവസങ്ങൾക്കമായിരുന്നു അദ്ദേഹം രാജി സമർപ്പിച്ചത്. എന്നാൽ നേരത്തെ, പരിശീലകനായി തുടരാൻ തനിക്ക് താത്പര്യമുണ്ടെന്നു കാണിച്ച് കുംബ്ലെ ബിസിസിഐക്ക് അപേക്ഷ നല്‍കിയിരുന്നു.
