ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നാലാം സ്ഥാനം ഒരു പ്രശ്‌നം തന്നെയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി നാലാം സ്ഥാനത്തിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. എന്നാല്‍ അമ്പാട്ടി റായുഡു ആ സ്ഥാനത്തെത്തിയതോടെ കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമായിരുന്നു.
ബേ ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നാലാം സ്ഥാനം ഒരു പ്രശ്‌നം തന്നെയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി നാലാം സ്ഥാനത്തിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. എന്നാല്‍ അമ്പാട്ടി റായുഡു ആ സ്ഥാനത്തെത്തിയതോടെ കാര്യങ്ങള്‍ക്കെല്ലാം ഒരു തീരുമാനമായിരുന്നു. വിന്‍ഡീസ് പര്യടനത്തിലും ഏഷ്യ കപ്പിലും താരം സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ റായുഡു പരാജയപ്പെട്ടതോടെ കാര്യങ്ങളില്‍ ചെറിയ ട്വിസ്റ്റുണ്ടായി.
ഓസീസിനെതിരെ നിര്‍ണായക മത്സരത്തില്‍ നാലാമതായെത്തിയ എം.എസ്. ധോണി പുറത്താവാതെ 87 റണ്‍സെടുക്കുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതോടെ ധോണി നാലാമത് ഇറങ്ങാനുള്ള സാധ്യതയും കൂടുതലായി. മാത്രമല്ല, മധ്യനിരയിലേക്ക് മറ്റൊരു താരത്തെ തേടുന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നു. മോശം ഫോമെങ്കിലും ന്യൂസിലന്‍ഡ് പര്യടനത്തില്‍ റായുഡു വീണ്ടും നാലാമനായെത്തി. ഇന്ന് അവസാനിച്ച മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനം (പുറത്താവാതെ 42 പന്തില്‍ 40) കൂടിയായപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നാലാം സ്ഥാനത്തെ കുറിച്ച് ചെറിയൊരു സൂചന നല്‍കി.
നാലാം സ്ഥാനത്ത് റായുഡുവിനാണ് കൂടുതല്‍ സാധ്യതയെന്ന് കോലി സൂചിപ്പിക്കുന്നു. കോലി പറഞ്ഞതിങ്ങനെ... ''കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും, നാലാം നമ്പര്‍ പൊസിഷനില്‍ ആരെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇത്രത്തോളം മികച്ച ഫോമില്‍ കളിക്കുമ്പോള്‍ ബാറ്റിങ് ലൈനപ്പിന് ഒരുപാട് ആത്മവിശ്വാസം കിട്ടുന്നുണ്ട്. ദിനേശ് കാര്‍ത്തികും മികച്ച ഫോമിലാണ്. മധ്യനിരയില്‍ ഏത് പൊസിഷനിലും കളിക്കാന്‍ കാര്‍ത്തികിന് കഴിയും. ആവശ്യമെങ്കില്‍ ലൈനപ്പില്‍ മാറ്റം വരുത്താം...'' ധോണിയും മികച്ച ഫോമിലാണെന്നുള്ളതും ഏറെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നെന്നും കോലി കൂട്ടിച്ചേര്‍ത്തു.
