കൊല്‍ക്കത്ത: ഏകദിന പരമ്പരയ്ക്ക് മുമ്പ് പ്രകോപനപരമായി കോലിയെ പരിഹസിച്ച ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന് ആരാധകരുടെ പ്രഹരം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന കോലിയുടെ ചിത്രമാണ് സംഭവത്തിനാധാരം. ലോക ഇലവന്‍റെ മല്‍സരത്തിനായി തൂപ്പുകാര്‍ ഗ്രൗണ്ട് വൃത്തിയാക്കുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ പരിഹാസം.
സഹതാരം ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനയുമടക്കമുള്ളവര്‍ സ്റ്റേഡിയത്തിലുണ്ടായിട്ടും കോലിയെ ഒറ്റപ്പെടുത്തി ആക്രമിക്കുകയായിരുന്നു. എന്നാല്‍ കോലിയെ പരിഹസിച്ചയാളെ ഇന്ത്യന്‍- പാക്കിസ്ഥാന്‍ ആരാധകര്‍ സംയുക്തമായാണ് നേരിട്ടത്. വിരാട് കോലിയെ ഇഷ്ടപ്പെടുന്നു എന്ന് വെളിപ്പെടുത്തി പാക്കിസ്ഥാന്‍ ആരാധകര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തി.
ഓസീസിനെ തൂത്തുവാരും മുമ്പുള്ള തയ്യാറെടുപ്പാണ് കോലിയുടേതെന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ നായകന്‍ കോലിയുടെ ആത്മവിശ്വസം തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ലോക ഇലവന്‍റെ മല്‍സരത്തില്‍ കളിക്കാതിരിക്കുന്ന ഇന്ത്യന്‍ ടീമിനുള്ള പരിഹാസമാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
