മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്‍ഡാണ് ഇപ്പോള്‍ വിരാട് കോലി. പരസ്യകരാറിലൂടെ മാത്രം കോലി ഒരുവര്‍ഷം 200 കോടിയ്ക്കടുത്ത് സമ്പാദിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ ഒരു പ്രമുഖ ബ്രാന്‍ഡുമായി ആറുവര്‍ഷമായി ഉണ്ടായിരുന്ന കരാര്‍ പുതുക്കേണ്ടെന്ന് കോലി തീരുമാനിച്ചു. പ്രമുഖ ശീതള പാനീയ നിര്‍മാതാക്കളായ പെപ്സി കോയുമായുള്ള കരാറാണ് കോലി ഉപേക്ഷിച്ചത്. കരാര്‍ തുടരാന്‍ പെപ്സിക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നെങ്കിലും കോലി വലിയ താല്‍പര്യം കാട്ടിയില്ല.
സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് കോലി അതിനുള്ള കാരണം വ്യക്തമാക്കിയത്.
ഇത്തരം പാനീയങ്ങള്‍ ഞാന്‍ കുടിക്കാറില്ല. അപ്പോള്‍ ഞാന്‍ കുടിക്കാത്തൊരു സാധനം പണത്തിനുവേണ്ടി മറ്റുള്ളവരോട് വാങ്ങി കുടിക്കാന്‍ പറയുന്നത് ശരിയല്ല. ഫിറ്റ്നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയശേഷം ഇത്തരം കാര്യങ്ങളിലെല്ലാം താന്‍ സെലക്ടീവാണെന്നും കോലി പറഞ്ഞു.
പെപ്സിയുമായുള്ള കോലിയുടെ ആറു വര്‍ഷ പരസ്യകരാര്‍ ഏപ്രില്‍ 30നാണ് അവസാനിച്ചത്. ധാരാളം പഞ്ചസാര അടങ്ങിയിട്ടുള്ള പെപ്സിയുടെ ശീതള പാനീയങ്ങള്‍ സ്ഥിരമായി കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് പഠനങ്ങള്‍ ഉണ്ട്. ഇത് തന്നെയാണ് കോലിയുടെ തീരുമാനത്തിന് പിന്നിലെ പ്രചോദനമെന്നാണ് കരുതുന്നത്. ഭാവിയില്‍ ആളുകള്‍ക്ക് ഗുണകരമാവുന്ന ഉള്‍പ്പന്നങ്ങളുടെമാത്രം ബ്രാന്‍ഡ് അംബാസഡറായാല്‍ മതിയെന്നാണ് കോലിയുടെ തീരുമാനം.
