ദില്ലി: കളിക്കളത്തിലെ പിടിവാശിക്കാരനായ വിരാട് കോലിക്ക് ഭക്ഷണശീലത്തിലുമുണ്ട് കുറച്ച് നിര്‍ബന്ധങ്ങള്‍. ഒരു മുട്ടയും മൂന്ന് മുട്ടയുടെ വെള്ളയും ചേര്‍ത്തുണ്ടാക്കുന്ന ഓലംറ്റ് കഴിച്ചാണ് അതിരാവിലെ വിരാട് തുടങ്ങുന്നത്. ഏറെ പ്രിയപ്പെട്ട ഒന്നാന്തരം പന്നിയിറച്ചിയും സാല്‍മണും രാവിലത്തെ മെനുവിലുണ്ട്. കൂടെ പപ്പയയോ ഡ്രാഗണ്‍ പഴമോ തണ്ണിമത്തനോ നിര്‍ബന്ധം. 

കൃത്യമായ അളവില്‍ നെയ് ചേര്‍ത്ത ബ്രഡ് കൂടി ആയാല്‍ വിരാടിന്‍റെ രാവിലത്തെ മെനു തയ്യാര്‍. അതോടൊപ്പം കുടിക്കാന്‍ നാരങ്ങയൊഴിച്ച ഗ്രീന്‍ ടീയും വേണം. ഉച്ചയ്ക്ക് മാംസവും പച്ചക്കറികളും ചേര്‍ന്ന മിശ്രിത ഭക്ഷണം. ഗ്രില്‍ഡ് ചിക്കനും ഉരുളക്കിഴങ്ങും നിര്‍ബന്ധമായും ഉച്ച ഭക്ഷണത്തിലുണ്ടാകും. എന്നാല്‍ നാല് വര്‍ഷമായി ഇന്ത്യന്‍ നായകന്‍ ബട്ടര്‍ ചിക്കന്‍ കഴിക്കാറില്ല.

രാത്രി വിരാടിന് പ്രിയം കടല്‍ വിഭവങ്ങളോടാണ്. ലോട്ടാ മത്സ്യമാണ് വിരാടിന് പ്രിയപ്പെട്ട രാത്രി ഭക്ഷണം. മെനുവിലുള്ള ഏത് ഭക്ഷണം ലഭിച്ചില്ലെങ്കിലും വിരാട് ക്ഷമിക്കും. ദില്ലിയിലെ രജൗരി ഗാര്‍ഡനില്‍ നിന്നുള്ള ചനാ മസാലയില്ലാതെ വിരാട് ഭക്ഷണം കഴിക്കില്ല. അക്കാര്യത്തില്‍ കോലിയെ ആരും പറ്റിക്കാമെന്ന് കരുതേണ്ട.