ദില്ലി: ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കി ടെസ്റ്റ് നായകന്‍ വിരാട് കൊഹ്‌ലി. സ്വകാര്യ ചാനലിലെ കോമഡി നൈറ്റ്സ് വിത്ത് കപില്‍ എന്ന പരിപാടിയിലാണ് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ കൊഹ്‌ലി പരസ്യമാക്കിയത്.

ഇന്ത്യന്‍ ടീമില്‍ എപ്പോഴും വിശപ്പുള്ള താരം ഇഷാന്ത് ശര്‍മയാണെന്ന് കൊഹ്‌ലി പറയുന്നു. വിശപ്പ് എപ്പോഴും കൂടെയുള്ള ഇഷാന്തിന് ഏതുസമയവും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണമെന്നാണ് കൊഹ്‌ലിയുടെ അഭിപ്രായം. ഡ്രസ്സിംഗ് റൂമിലെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന താരങ്ങളൊന്നും ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലില്ലെങ്കിലും തന്റെ ഐപിഎല്‍ ടീമായ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സില്‍ അത്തരമൊരാളുണ്ടെന്ന് കൊഹ്‌ലി പറയുന്നു. പാര്‍ഥിവ് പട്ടേലാണ് ആ താരം. പാര്‍ഥിവിന് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പാടാണ്.

സ്ത്രീകളില്‍ നിന്ന് എപ്പോഴും അകന്നുനടക്കുന്ന താരമാരാണെന്നായിരുന്നു കൊഹ്‌ലിയോട് കപിലിന്റെ അടുത്ത ചോദ്യം. ചേതേശ്വര്‍ പൂജാരയാണ് ആ താരമെന്ന് കൊഹ്‌ലിയുടെ മറുപടി. ദിവസം അഞ്ചു നേരം പ്രാര്‍ഥിക്കുന്ന പൂജാര പെണ്‍കുട്ടികളെ കണ്ടാല്‍ ഉടന്‍ ഓടിയൊളിക്കും. പൂജാരയുടെ ഭാര്യയുടെ പേരും പൂജ തന്നെയാണെന്നും കൊഹ്‌ലി തമാശയായി പറയുന്നു.

ടീമിലെ വീമ്പടിക്കാരന്‍ ആരാണെന്നായിരുന്നു കപിലിന്റെ അടുത്ത ചോദ്യം. ഒട്ടും ആലോചിക്കാതെ കൊഹ്‌ലിയുടെ മറുപടിയെത്തി, രവീന്ദ്ര ജഡേജ. ഏത് സ്ഥലത്തെക്കുറിച്ച് ചോദിച്ചാലും എന്തെങ്കിലുമൊരു പുളു ജഡേജ പറയും. ഒരിക്കല്‍ പറഞ്ഞത്, ജാംനഗറില്‍ രണ്ട് കെട്ടിടങ്ങളുണ്ടെന്നും ഓരോ വര്‍ഷം കൂടുംതോറും അത് അടുത്തടുത്ത് വരികയാണെന്നും അത് രണ്ടും കൂട്ടിമുട്ടുന്ന ദിവസം ലോകം അവസാനിക്കുമെന്നായിരുന്നു ജഡേജയുടെ പുളു.

ടീമിലെ ഏറ്റവും മടിയനായ താരം മുഹമ്മദ് ഷാമിയാണെന്ന് കൊഹ്‌ലി പറയുന്നു. ടീം മസാജര്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യുമ്പോള്‍ പോലും ഷാമി ഉറങ്ങിപ്പോവുമെന്നും കൊഹ്‌ലി പറഞ്ഞു. രോഹിത് ശര്‍മയ്ക്ക് ഉറക്കം ഒരു ബലഹീനതയാണെന്നും കൊഹ്‌ലി വ്യക്തമാക്കി. എങ്ങനെയാണ് രോഹിത് ഇത്രസമയം ഉറങ്ങുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്രമാത്രം ഉറങ്ങുന്നൊരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും കൊഹ്‌ലി പറഞ്ഞു.