ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ആഘോഷം കണ്ട ആരാധകര്‍ അല്‍പമൊന്ന് അമ്പരന്ന് കാണും. കരിയറിലെ മുപ്പത്തിമൂന്നാം സെഞ്ചുറി നേടിയ കോലി എന്തിനാണ് ഇത്രയും ആവേശത്തോടെ ആഘോഷിക്കുന്നതെന്ന്. ഇക്കാര്യം മത്സരശേഷം കോലി വ്യക്തമാക്കി. സമ്മാനദാനച്ചടങ്ങിനിടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്ക് ആണ് കോലിയോട് അമിതാഘോഷത്തിന്റെ കാരണം ചോദിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ താന്‍ സെഞ്ചുറി നേടിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഈ സെഞ്ചുറി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും കോലി പറഞ്ഞു. തന്റെ സെഞ്ചുറി ടീമിനെ ജയിപ്പിക്കുക കൂടി ചെയ്യുന്നുവെന്നത് ഇരട്ടിസന്തോഷം നല്‍കുന്നുവെന്നും കോലി വ്യക്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ടീമിനെ ജയിപ്പിക്കുന്നതിലുള്ള സന്തോഷമാണ് തന്റെ ആഘോഷപ്രകടനമെന്നും കോലി പറഞ്ഞു. ഈ ജയം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ആവേശം പകരുമെന്നും കോലി വ്യക്തമാക്കി.

ഡര്‍ബന്‍ ഏകദിനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ 11 ഏകദിനങ്ങള്‍ച്ചിട്ടുണ്ടെങ്കിലും ഒരു സെഞ്ചുറി പോലും അദ്ദേഹം നേടിട്ടുണ്ടായിരുന്നില്ല. മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 319 റണ്‍സായിരുന്നു ഈ സെഞ്ചുറിക്ക് മുമ്പ് കോലിയുടെ പേരിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി നേടിയതോടെ 9 രാജ്യങ്ങളിലും സെഞ്ചുറി നേടിയ കളിക്കാരനെന്ന ബഹുമതിയും കോലിക്ക് സ്വന്തമായി.